ഷാർജയിലെ വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം: ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് കുണ്ടറ പൊലീസ്

ഷാർജയിൽ യുവതിയുടെയും ഒന്നര വയസ്സുകാരിയുടെയും ദുരൂഹ മരണത്തിൽ കേസെടുത്ത് പൊലീസ്. കുണ്ടറ പൊലീസ് ആണ് ഭർത്താവിനും വീട്ടുകാർക്കും എതിരെ കേസെടുത്തത്. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് കേസെടുത്തത്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതി എന്നിങ്ങനെയാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും മകൾ വൈഭവിയെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് വിപഞ്ചിക ആത്മഹത്യ ചെയ്തതെന്നാണ് വിപഞ്ചികയുടെ കുടുംബത്തിന്റെ ആരോപണം. ഇത് തെളിയിക്കുന വിപഞ്ചികയുടെ ശബ്ദ സന്ദേശവും കുടുംബം പുറത്ത് വിട്ടു
ഭർത്താവ് നിതീഷ് വിപഞ്ചികയെ ശാരീരികമായി ആക്രമിച്ചിരുന്നു എന്നും മകൾ നേരിട്ടത് കൊടിയപീഡനമായിരുന്നു എന്നും വിപഞ്ചികയുടെ അമ്മ ആരോപിച്ചു. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും പുറത്ത് വന്നിട്ടുണ്ട്. മരണത്തിന് ഉത്തരവാദികൾ ഭർത്താവും ഭർതൃ പിതാവും ഭർതൃ സഹോദരിയുമെന്ന് വിപഞ്ചികയുടെ ആത്മഹത്യാക്കുറുപ്പിൽ പറയുന്നു.
‘അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും. അവന്റെ പെങ്ങൾക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താൽ കണ്ടൂടാ. സ്വന്തം ഭർത്താവിന്റെ കൂടെ എങ്ങോട്ടെങ്കിലും പോകാൻ സ്വാതന്ത്ര്യം കൊടുക്കാത്ത നാത്തൂന്മാർ എവിടെയെങ്കിലും ഉണ്ടോ. അവൻ ഫ്രണ്ട്സിന്റെ കുടുംബത്തിനൊപ്പം പോകുന്നതിൽ കുഴപ്പമില്ല. എന്റെ മോളുടെ ഒപ്പം പോയാലാണ് പ്രശ്നം.
ഇതൊക്കെ പോരാഞ്ഞിട്ട് സർവതിനും ഈ ആങ്ങള വേണം. ഒരു കാര്യത്തിനും അവൾ എന്റെ മോളെ വിട്ടുകൊടുക്കില്ല എന്ന വാശി. എന്റെ മോൾ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു. ആ ഫോട്ടോ കണ്ടിട്ട്. എന്നിട്ടും ഈ അമ്മയെ അറിയിക്കല്ലേ എന്ന് പറഞ്ഞല്ലോ. അമ്മയെ അറിയിക്കാതെ പോയല്ലോ.. ഞാനിത് കണ്ടപ്പോഴാ ഇത്രയും സഹിച്ചുവെന്ന് ഞാനറിഞ്ഞത്.
ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ അനുവദിക്കില്ലായിരുന്നു. എന്റെ മോൾക്ക് അവൻ മതിയായിരുന്നു. എന്റെ മോളെ മുടി മുറിച്ചു കളഞ്ഞല്ലോ…അവളെ അത്രത്തോളം പെങ്ങക്ക് കണ്ടൂടാ. അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്…’ വിപഞ്ചികയുടെ അമ്മ പറഞ്ഞു.