രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാന്‍ ഷാഫിയുടെ നീക്കം; എ ഗ്രൂപ്പ് രഹസ്യയോഗം ചേര്‍ന്നു

ലൈംഗികാരോപണം ഉയര്‍ന്നതിനുശേഷം ഇതുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലമായ പാലക്കാട് എത്തിയിട്ടില്ല. സ്വദേശമായ അടൂരിലെ സ്വന്തം വീട്ടില്‍ തന്നെ തുടരുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മണ്ഡലത്തിലെ തുടര്‍ച്ചയായ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികളും വാദിക്കുന്നത്.
ഇതേത്തുടര്‍ന്നാണ് ഷാഫിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പിലെ നേതാക്കള്‍ യോഗം ചേര്‍ന്നത്. ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിപാടികളിലും നഗരസഭ പരിപാടികളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കും. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനാല്‍ കോണ്‍ഗ്രസ് പരിപാടികളിലും രാഹുലിന് ഇടമുണ്ടാകില്ല.
ആ സാഹചര്യത്തില്‍ എങ്ങനെ സുരക്ഷിതമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ മണ്ഡലത്തില്‍ സജീവമാക്കാം എന്നതാണ് രഹസ്യയോഗം ചര്‍ച്ച ചെയ്തതെന്നാണ് സൂചന. വിവിധ ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കാനാണ് നീക്കം. അതേസമയം ഉടന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തുന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുമെന്നും യോഗം വിലയിരുത്തി.