ഷാഫിയെ വേട്ടയാടാന്‍ അനുവദിക്കില്ല; ശക്തമായി പ്രതിഷേധിക്കും; രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷം

 
shafi
കോഴിക്കോട് പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം. പൊലീസ് നടപടിയില്‍ നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.

ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഷാഫി പറമ്പിലിനെ നിരന്തരമായി വേട്ടയാടുന്നു. ഇതിന് അനുവദിക്കില്ല. എംപിയെ കണ്ടാല്‍ പൊലീസിന് അറിയില്ലേ. മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. രണ്ട് ജാഥകള്‍ ഒരേ റൂട്ടില്‍ വിട്ടത് പൊലീസ്. അതില്‍ ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം എങ്ങനെ പരുക്കേല്‍ക്കും – രമേശ് ചെന്നിത്തല.

കേരളത്തില്‍ നടക്കുന്ന കൊള്ള മറച്ചുവെക്കാനുള്ള ശ്രമമാണ് ഷാഫിക്കെതിരായ അക്രമമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭീകരമായ അക്രമമാണ് ഷാഫിക്കെതിരെ ഉണ്ടായത്. കാട്ടുനീതിയാണ് നടപ്പാകുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എല്ലാം കണക്ക് എഴുതിവെച്ചിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ തുടര്‍ സമരങ്ങള്‍ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web