എസ്എഫ്ഐ അനുഭാവികളായ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതി വ്യാജം, അധ്യാപകനെ 11 വർഷത്തിന് ശേഷം കോടതി വെറുതെവിട്ടു

പരീക്ഷയിലെ കോപ്പിയടി പിടിച്ചതിന് അഡീഷണൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി ലൈജു മോൾ ഷെരീഫാണ് പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.
ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷമാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയത്.
എസ്എഫ്ഐ അനുഭാവികളായ വിദ്യാർത്ഥികളെയാണ് കോപ്പിയടിക്ക് പിടിച്ചത്. ഈ പെൺകുട്ടികൾ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ വച്ച് തയ്യാറാക്കിയ പരാതിയിൽ കഴമ്പില്ല എന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തി. അഞ്ചു വിദ്യാർത്ഥികൾ ആണ് അധ്യാപകനെതിരെ പരാതി നൽകിയത്.
ഇതിൽ നാലുപേരുടെ മൊഴി പ്രകാരം നാല് കേസുകൾ എടുത്തു. രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികളുടെതെന്ന് കോടതി വിമർശിച്ചു. ഇതിന് കോളേജ് പ്രിൻസിപ്പൽ കൂട്ടുന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നെന്നും കോടതി നിരീക്ഷിച്ചു.