പൗരോഹിത്യത്തിൽ എഴുപതാണ്ടുകൾ; തൊണ്ണൂറ്റഞ്ചാം വയസിൽ അപൂർവ നേട്ടവുമായി ഇരട്ട സഹോദരങ്ങൾ

 
233333

ഡബ്ലിൻ: ഒരേ ദിവസം ജനനം, ഒരേ ലക്ഷ്യത്തോടെയുള്ള വൈദിക പഠനം, ഒടുവിൽ ഒരേ വർഷം ദൈവവിളി സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക്. കത്തോലിക്കാ സഭയിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് അയർലണ്ട്. 95-ാം വയസിൽ തങ്ങളുടെ പൗരോഹിത്യ ജീവിതത്തിന്റെ എഴുപതാം വാർഷികം (പ്ലാറ്റിനം ജൂബിലി) ഒരുമിച്ച് ആഘോഷിക്കുകയാണ് ഇരട്ട സഹോദരങ്ങളായ ഫാ. ജോ കെല്ലിയും ഫാ. മാറ്റ് കെല്ലിയും.

1931 മാർച്ച് 31 ന് ബ്ലാക്ക് വുഡിനടുത്തുള്ള കൂൾകാറിഗണിലാണ് ജോയും മാറ്റും ജനിച്ചത്. അധ്യാപികയായിരുന്ന അമ്മയുടെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവരുടെയും ഉള്ളിൽ കുട്ടിക്കാലം മുതൽക്കേ മൊട്ടിട്ട ആഗ്രഹമായിരുന്നു പൗരോഹിത്യം. തുടർന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ ശേഷം 1956 മെയിൽ ഫാ. ജോ ഡബ്ലിൻ അതിരൂപതയ്ക്ക് വേണ്ടിയും തൊട്ടടുത്ത മാസം ഫാ. മാറ്റ് കിൽഡെയർ ആൻഡ് ലെയ്‌ലിൻ രൂപതയ്ക്ക് വേണ്ടിയും വൈദികപട്ടം സ്വീകരിച്ചു.

ഒരേ വർഷം വൈദികരായെങ്കിലും ഇരുവരുടെയും സേവന മേഖലകൾ വ്യത്യസ്തമായിരുന്നു. ഡബ്ലിൻ അതിരൂപതയിലെ വിവിധ ഇടവകകളിൽ ദീർഘകാലം അജപാലന ശുശ്രൂഷകളിൽ ഫാ. ജോ സജീവമായി പ്രവർത്തിച്ചു. എന്നാൽ ഫാ. മാറ്റാകട്ടെ പ്രശസ്തമായ കാർലോ കോളേജിൽ ഏകദേശം 20 വർഷത്തോളം ഫിലോസഫി (തത്ത്വശാസ്ത്രം) അധ്യാപകനായിരുന്നു. 

അധ്യാപനത്തോടൊപ്പം തന്നെ ചർച്ച് മ്യൂസിക്, ക്വയർ ഡയറക്ഷൻ എന്നിവയിലും അദ്ദേഹം വലിയ സംഭാവനകൾ നൽകി. 95-ാം വയസിലും ഇവർ പിന്തുടരുന്ന കൃത്യമായ ജീവിതചര്യയും അനുദിന പ്രാർത്ഥനയുമാണ് ഇവരുടെ ദീർഘായുസിന്റെ രഹസ്യം.

ഈ സവിശേഷമായ നാഴികക്കല്ലിനെ ആദരിക്കുന്നതിനായി കഴിഞ്ഞ ദിവസം ഡബ്ലിനിലെ ബേസൈഡിലുള്ള ‘ചർച്ച് ഓഫ് ദി റെസറക്ഷൻ’ ദേവാലയത്തിൽ പ്രത്യേക കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു. ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ, കിൽഡെയർ ആൻഡ് ലെയ്‌ലിൻ ബിഷപ് ഡെനിസ് നൽക്തി എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമ്മങ്ങൾ. 

ഒരേ ദിവസം ജനിച്ച ഈ സഹോദരങ്ങൾ, ഏഴ് പതിറ്റാണ്ടുകളായി ഒരേ വിശ്വാസത്തോടെ വൈദിക കുപ്പായത്തിൽ സഭയെയും സമൂഹത്തെയും സേവിച്ചു എന്നത് ക്രൈസ്തവ ലോകത്തിന് വലിയ മാതൃകയാണെന്ന് ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഒട്ടനവധി വിശ്വാസികളാണ് ഈ വൈദിക സഹോദരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

Tags

Share this story

From Around the Web