പാംപ്ലാനിക്കും വിമതർക്കും തിരിച്ചടി; സ്പെഷ്യൽ ട്രൈബ്യൂണൽ പിരിച്ചുവിടണമെന്ന ആവശ്യം തള്ളി സിറോ മലബാർ സഭ ഉന്നത അധികാര കോടതി

 
pamplani

എറണാകുളം: അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട സഭാ കോടതിയിലെ കേസിൽ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനും, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും, എറണാകുളത്തെ വിമതവിഭാഗത്തിനും കനത്ത തിരിച്ചടി.

സ്പെഷ്യൽ ട്രൈബ്യൂണലിൻ്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ അപേക്ഷ സിറോ മലബാർ സഭ ഉന്നത അധികാര കോടതി തള്ളി.

സ്പെഷ്യൽ ട്രൈബ്യൂണൽ നടപടി തുടർന്നാൽ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെയും കാനോനിക നടപടി ഉണ്ടാവും. ഇത് ഒഴിവാക്കാൻ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതല ആർച്ച് ബിഷപ്പ് പാംപ്ലാനി രാജിവെച്ചേക്കും.

കനത്ത തിരിച്ചടിയാണ് സിറോ മലബാർ സഭയിലെ വിമതവിഭാഗത്തിന് നേരിട്ടിരിക്കുന്നത്. സ്പെഷ്യൽ ട്രൈബ്യൂണൽ പിരിച്ചുവിടണം എന്നതടക്കമുള്ള ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ ആവശ്യങ്ങളെല്ലാം സീറോ മലബാർ സഭ ഉന്നത അധികാര കോടതി തള്ളിക്കളഞ്ഞു.

സ്പെഷ്യൽ ട്രൈബ്യൂണലിന് തടസങ്ങൾ ഒന്നുമില്ലാതെ പ്രവർത്തിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ഫാദർ വർഗീസ് മണവാളനെ പൗരോഹിത്യ പദവിയിൽ നിന്നും ഒഴിവാക്കാതിരിക്കാൻ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് കഴിയില്ല.

ഇതോടെ എറണാകുളം അങ്കമാലി അതിരൂപതയിൽ തർക്കം ഉടലെടുക്കും, നടപടിയെടുത്തില്ലെങ്കിൽ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി തലശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത സ്ഥാനം പോലും തുലാസിലാകും.

വത്തിക്കാൻ ട്രൈബ്യൂണൽ നേരിട്ട് സമീപിച്ചാൽ മേജർ ആർച്ച് ബിഷപ്പിനും കടുത്ത നടപടികളെ അഭിമുഖീകരിക്കേണ്ടി വരും. ഇതോടെ കുർബാന തർക്കം വീണ്ടും ചൂട് പിടിക്കുമെന്ന് ഉറപ്പായി.

Tags

Share this story

From Around the Web