​സേവനം വിശ്വാസയാത്രയെ സമ്പന്നമാക്കുന്നു: സ്വിസ് ഗാർഡുകളോട് ലെയോ പതിനാലാമൻ മാർപാപ്പ

 
Leo papa

വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ സംരക്ഷിക്കുന്നതിനായുള്ള സ്വിസ് ഗാർഡുകളുടെ സേവനം അവരുടെ വ്യക്തിപരമായ വിശ്വാസയാത്രയുടെ ഭാഗമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ പുതുതായി ചുമതലയേറ്റ 28 സ്വിസ് ഗാർഡുകളുമായും അവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു പാപ്പ.

​ബുധനാഴ്ച വൈകുന്നേരം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയായിരുന്നു വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച. സ്വിസ് ഗാർഡുകൾ തങ്ങളുടെ രാജ്യത്തിന്റെ സാംസ്കാരികവും ആത്മീയവുമായ മൂല്യങ്ങൾ വത്തിക്കാനിലേക്ക് എത്തിക്കുന്നുവെന്നും ഇത് സ്വിറ്റ്സർലൻഡിന് അഭിമാനമാണെന്നും പാപ്പ പറഞ്ഞു.

ഗാർഡുകൾ കാഴ്ച്ചവെക്കുന്ന വിനീതവും വിവേകപൂർണ്ണവുമായ സേവനത്തിന് മാർപാപ്പ നന്ദി അറിയിച്ചു. സൈനികപരമായ ദൗത്യത്തോടൊപ്പം തന്നെ ഓരോ സ്വിസ് ഗാർഡും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ ഓർമ്മിപ്പിച്ചു. രാത്രികാല ഡ്യൂട്ടികൾ പ്രാർഥനയ്ക്കും ധ്യാനത്തിനുമായി ഉപയോഗിക്കണമെന്ന് പാപ്പ നിർദ്ദേശിച്ചു.

​ബാരക്കുകളിലെ ജീവിതം സേവനം, ഔദാര്യം, വിനയം തുടങ്ങിയ മാനുഷിക ഗുണങ്ങൾ വളർത്താനുള്ള ഇടമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. സ്വിസ് ഗാർഡുകൾക്കിടയിലെ സാഹോദര്യം വത്തിക്കാനിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും സന്തോഷം പകരട്ടെ എന്നും പാപ്പ ആശംസിച്ചു.

​വിശുദ്ധ നിക്കോളാസ് ഓഫ് ഫ്ലൂ ഉൾപ്പെടെയുള്ള സ്വിസ് ഗാർഡുകളുടെ മധ്യസ്ഥ വിശുദ്ധരുടെ സംരക്ഷണത്തിന് സൈനികരെ ഭരമേൽപ്പിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web