നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള വംശീയ ആക്രമണങ്ങളിൽ ഭരണകൂടത്തിന് ഗുരുതര വീഴ്ച; അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് വുകാരി രൂപത

 
nigeria

അബുജ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ തരാബ സംസ്ഥാനത്ത് ക്രൈസ്തവ കർഷക സമൂഹങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരമായ തീവ്രവാദ അതിക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വുകാരി രൂപത. സമീപകാലത്തുണ്ടായ വംശീയ-തീവ്രവാദ ആക്രമണങ്ങളിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും തൊണ്ണൂറ്റി എണ്ണായിരത്തിലധികം ആളുകൾക്ക് സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്തതായി രൂപത വ്യക്തമാക്കുന്നു.

മേഖലയിലെ 217 ക്രൈസ്തവ ദൈവാലയങ്ങൾ അക്രമികൾ പൂർണ്ണമായും തകർത്തതായി വുകാരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർക്ക് മൈഗിദൻസുക്വീൻ വത്തിക്കാൻ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.

രൂപതയുടെ ജനറൽ അസംബ്ലിക്ക് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ബിഷപ്പ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ആരംഭിച്ച ആസൂത്രിതമായ അക്രമ പരമ്പരകളിൽ 16 വൈദികർ ഉൾപ്പെടെയുള്ളവരാണ് സ്വന്തം നാട്ടിൽ അഭയാർഥികളായി മാറിയത്. എട്ട് ഇടവക വൈദികരുടെ ഭവനങ്ങൾ അക്രമികൾ പൂർണ്ണമായും കൊള്ളയടിച്ചു.

ഈ വർഷം മാർച്ചിൽ സെന്റ് ജെയിംസ് ദി ഗ്രേറ്റ് ദേവാലയത്തിനു നേരെ കടുത്ത ആക്രമണമുണ്ടായി. തൊട്ടുപിന്നാലെ മാർച്ച് നാലിന് രൂപതയുടെ പ്രധാന കത്തീഡ്രലായ അസംപ്ഷൻ ഓഫ് ദി വിർജിൻ മേരി കത്തീഡ്രൽ അക്രമികൾ തീയിട്ടു നശിപ്പിച്ചു. തകും, ഉസ്സ, ഡോംഗ തുടങ്ങിയ പ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളെയാണ് അക്രമികൾ പ്രധാനമായും ലക്ഷ്യമിടുന്നത്.

ആയുധധാരികളായ ഫുലാനി വിഭാഗത്തിൽപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘങ്ങളാണ് ക്രൈസ്തവ ഗ്രാമങ്ങൾക്ക് നേരെ ഈ ക്രൂരതകൾ അഴിച്ചുവിടുന്നത്. കർഷകരെ മാരകായുധങ്ങളുമായി ആക്രമിച്ചു ഓടിച്ച ശേഷം അവരുടെ ഭൂമിയും സ്വത്തുക്കളും നിയമവിരുദ്ധമായി കൈയടക്കുകയാണ് ഈ സംഘങ്ങളുടെ രീതി. 

പരമ്പരാഗതമായി നിലനിൽക്കുന്ന ഭൂതർക്കങ്ങളെ തീവ്രവാദ സ്വഭാവമുള്ള ആക്രമണങ്ങളാക്കി മാറ്റുന്ന ഈ നടപടി മൂലം പ്രദേശത്തെ കാർഷിക വൃത്തി പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് മേഖലയിൽ കടുത്ത പട്ടിണിക്കും വലിയ മാനുഷിക പ്രതിസന്ധിക്കും കാരണമാകുമെന്ന് രൂപത മുന്നറിയിപ്പ് നൽകുന്നു.

തുടർച്ചയായ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും അവസാനിപ്പിക്കാൻ നൈജീരിയൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വുകാരി, ജാലിംഗോ രൂപതകളിലെ വൈദികർ നേരത്തെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അക്രമ സംഭവങ്ങൾക്കും മരണ സംഖ്യയ്ക്കും യാതൊരു കുറവുമില്ലാത്തത് നൈജീരിയൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചയാണെന്ന് സഭാ നേതൃത്വം കുറ്റപ്പെടുത്തുന്നു.

നിലവിൽ ആയിരക്കണക്കിന് കുടുംബങ്ങൾ മതിയായ പാർപ്പിടമോ ഭക്ഷണമോ ആരോഗ്യപരിപാലനമോ ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുമ്പോൾ, അഭയകേന്ദ്രങ്ങളായി മാറേണ്ട ആരാധനാലയങ്ങൾ തകർന്നടിഞ്ഞു കിടക്കുകയാണ്. നിരപരാധികളുടെ ജീവൻ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹവും സർക്കാരും ഉടൻ ഇടപെടണമെന്നാണ് രൂപതയുടെ അടിയന്തര ആവശ്യം.

Tags

Share this story

From Around the Web