'സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു'; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

 
333

തിരുവനന്തപുരം: നിയമസഭയിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ എ എൻ ഷംസീർ. പ്രതിപക്ഷ എംഎൽഎമാരായ സനീഷ് കുമാർ, എം വിൻസെന്റ്, റോജി എം ജോൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമസഭ ആരംഭിച്ചതു മുതൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം ഉന്നയിച്ചായിരുന്നു ബഹളം. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം 'അയ്യപ്പന്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ' എന്നെഴുതിയ ബാനറുകളും ഉയർത്തിയിരുന്നു. സ്പീക്കറുടെ ഡയസിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരും പ്രതിരോധിച്ച വാച്ച് ആൻഡ് വാർഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി.

സംഘർഷത്തിൽ വാച്ച് ആൻഡ് വാരിഡിന് പരിക്കേറ്റു. പിന്നാലെ സഭ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. തുടർന്ന് സഭാ നടപടികൾ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ഭരണപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമാണ് നടന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Tags

Share this story

From Around the Web