ശാസ്ത്രവും വിശ്വാസവും പരസ്പര വിരുദ്ധമല്ല: ലെയോ പതിനാലാമൻ പാപ്പ
ശാസ്ത്രവും ക്രൈസ്തവ വിശ്വാസവും പരസ്പര വിരുദ്ധമല്ലെന്ന് വത്തിക്കാൻ ഒബ്സർവേറ്ററി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തവേ ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാൻ ഒബ്സർവേറ്ററി ഫൗണ്ടേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ശാസ്ത്രജ്ഞരോടും ഗവേഷകരോടും സംസാരിക്കുകയായിരുന്നു പാപ്പ.
പ്രപഞ്ചത്തിന്റെ നിഗൂഢതകൾ തേടിയുള്ള ശാസ്ത്രത്തിന്റെ യാത്രയും ദൈവവിശ്വാസവും ഒരേ സത്യത്തിന്റെ രണ്ട് വശങ്ങളാണെന്ന് പാപ്പ വ്യക്തമാക്കി. പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും ജ്യോതിശാസ്ത്രത്തെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രജ്ഞരുടെ സേവനങ്ങളെ മാർപാപ്പ അഭിനന്ദിച്ചു. വത്തിക്കാൻ ഒബ്സർവേറ്ററി സഭയുടെ ശാസ്ത്രത്തോടുള്ള ആദരവിന്റെയും തുറന്ന മനോഭാവത്തിന്റെയും അടയാളമാണെന്ന് പാപ്പ പറഞ്ഞു.
ശാസ്ത്രീയ പുരോഗതി മാനവരാശിയുടെ നന്മയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കണമെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. പുതിയ കണ്ടെത്തലുകൾ മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതാകണമെന്നും പാപ്പ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജ്യോതിശാസ്ത്രജ്ഞരും പണ്ഡിതന്മാരും സമ്മേളനത്തിൽ പങ്കെടുത്തു.