"ആഴമേറിയ ദുഃഖത്തിനിടയിലും വിട പറഞ്ഞത് മറ്റുള്ളവർക്ക് ജീവൻ നൽകി "; മൻ കീ ബാത്തിൽ ആലിൻ ഷെറിനെ പരാമർശിച്ച് മോദി
ഡൽഹി: അഞ്ചുപേർക്ക് പുതുജീവൻ പകർന്നു നൽകി യാത്രയായ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാദാതാവ് ആലിൻ ഷെറിൻ എബ്രഹാമിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിലാണ് മോദി കുഞ്ഞ് ആലിനെ പരാമർശിച്ചത്. അവയവദാനത്തിന്റെ അവബോധം വർധിപ്പിച്ചു കൊണ്ടാണ് ആലിൻ യാത്രയായതെന്ന് മോദി പറഞ്ഞു.
സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നതിനേക്കാൾ ദുഃഖം മറ്റൊന്നില്ല ആഴമേറിയ ദുഃഖത്തിന് ഇടയിലും ആലിൻ വിട പറയുന്നത് മറ്റുള്ളവർക്ക് ജീവൻ നൽകി കൊണ്ടാണ്. തീരാവേദനയ്ക്കിടയിലും സ്വന്തം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചു. അതൊരു പ്രതീക്ഷയാണ് മോദി പറഞ്ഞു. ആലിനിലൂടെ വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അവയവദാനത്തിലൂടെ ചരിത്രമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിൻ അഞ്ചു പേർക്ക് പുതുജീവൻ നൽകിയാണ് വിടപറഞ്ഞത്. കുട്ടിയുടെ രണ്ട് വൃക്കകൾ കരൾ, ഹൃദയ വാൾവ്, കോർണിയ എന്നിവയാണ് ദാനം ചെയ്ത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം കേരളമൊന്നാകെ കണ്ണീരോടെയാണ് ആലിനെ യാത്രയാക്കിയത്.