സതീശൻ മന്ത്രിസഭ ഇന്ന് അറിയാം, ചെന്നിത്തലയുടെ കാര്യത്തിൽ സസ്പെൻസ്, ലീഗിന് 5 മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ആവശ്യം
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ ഇന്ന് പ്രഖ്യാപിക്കും. വരുംദിവസങ്ങളിൽ യുഡിഎഫ് ഉഭയകക്ഷി ചർച്ചകളും മുന്നണി യോഗവും പൂർത്തിയാക്കി മന്ത്രിമാരുടെ എണ്ണത്തിലും വകുപ്പുകളിലും അന്തിമ തീരുമാനമെടുക്കും. തിങ്കളാഴ്ച (മേയ് 18) പുതിയ മന്ത്രിസഭ അധികാരമേൽക്കാനാണ് യുഡിഎഫ് തീരുമാനം.
മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയോടെ ഗവർണ്ണർക്ക് കൈമാറും. 21 അംഗ മന്ത്രിസഭയാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ മേയ് 21-നും ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം 29-നും നടക്കും. ജൂൺ 5-ഓടെ പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനാണ് നിലവിലെ നീക്കം.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തിയിലായ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിൽക്കുകയാണ്. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം തിരുവനന്തപുരത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചെന്നിത്തലയുമായി ചർച്ച നടത്തിയിട്ടുണ്ട്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും ചെന്നിത്തല വഴങ്ങുമെന്നുമാണ് സൂചന.
യുഡിഎഫിന്റെ വൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച മുസ്ലിം ലീഗ് മന്ത്രിസഭയിൽ 5 സ്ഥാനങ്ങൾ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. നിലവിൽ 4 ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. മുന്നണി യോഗത്തിന് ശേഷം അഞ്ചാമത്തെ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.
അതേസമയം, മന്ത്രിസ്ഥാനങ്ങൾക്കായി ലീഗ് യാതൊരുവിധ സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ലീഗിന്റെ പേരിൽ വി.ഡി. സതീശനെതിരെ ഉയരുന്ന വിമർശനങ്ങൾ തള്ളിയ തങ്ങൾ, "കായുള്ള മരത്തിലേ ചിലർ കല്ലെറിയൂ" എന്ന് മാധ്യമങ്ങളോട് പറഞ്ഞു.