ചെന്നിത്തലയെ പിണക്കാതെ സതീശൻ, വഴുതക്കാട്ടെ വീട്ടിലെത്തി അനുനയ നീക്കം, ചർച്ചയായി വകുപ്പുകളും
May 16, 2026, 13:33 IST
തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിലനിൽക്കുന്ന അതൃപ്തികൾ പരിഹരിക്കാൻ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി നേരിട്ട് ചർച്ച നടത്തി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ.
മുസ്ലിം ലീഗ് നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കിയ ശേഷമാണ് സതീശൻ വഴുതക്കാട്ടെ ചെന്നിത്തലയുടെ വസതിയിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് വി.ഡി. സതീശൻ ചെന്നിത്തലയെ കാണാനെത്തുന്നത്.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി നേതൃത്വവുമായി അതൃപ്തിയിലായ ചെന്നിത്തലയെ മുന്നണിയുടെയും സർക്കാരിന്റെയും ഭാഗമാക്കി നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര സന്ദർശനം. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല മുന്നോട്ട് വെച്ച കടുത്ത നിർദ്ദേശങ്ങളാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്യുന്നത്.