സതീശൻ മന്ത്രിസഭ, കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനമില്ല, അന്തിമ പട്ടിക ഇന്ന്
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. ഏറെ തർക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് (ജോസഫ്) ഉന്നയിച്ച രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളി. പകരം ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാനാണ് അന്തിമ തീരുമാനം.
മന്ത്രിമാരുടെ കാര്യത്തിൽ പൂർണ്ണ ധാരണയായതോടെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഔദ്യോഗികമായി പേരുകൾ പ്രഖ്യാപിക്കുകയും അന്തിമ പട്ടിക ഗവർണർക്ക് കൈമാറുകയും ചെയ്യും.
മന്ത്രിസഭയിലെ രണ്ടാമനായി രമേശ് ചെന്നിത്തല ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ആഭ്യന്തരം ചെന്നിത്തലയ്ക്ക് നൽകിയതോടെ ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ ഏറ്റെടുത്തേക്കും. ഒപ്പം തുറമുഖ വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലായിരിക്കാനാണ് സാധ്യത.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായേക്കും. മുതിർന്ന നേതാവായ കെ. മുരളീധരന് ആരോഗ്യ വകുപ്പ് നൽകാനാണ് ധാരണ. കേരള കോൺഗ്രസ് പ്രതിനിധിയായി മന്ത്രിസഭയിലെത്തുന്ന മോൻസ് ജോസഫിന് ജലവിഭവ വകുപ്പോ കൃഷി വകുപ്പോ ലഭിച്ചേക്കും.
ഒറ്റ എം.എ.ൽ.എമാരുള്ള ഘടകകക്ഷികളുടെ കാര്യത്തിൽ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടുന്ന 'ടേം' വ്യവസ്ഥ നടപ്പാക്കാൻ മുന്നണിയിൽ ധാരണയായി. ഇതനുസരിച്ച് അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിൽ മന്ത്രിമാരാകും.
അതേസമയം, മറ്റ് പദവികളൊന്നും മന്ത്രിസ്ഥാനത്തിന് പകരമാകില്ലെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് പ്രതികരിച്ചു. രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോയതിലുള്ള അതൃപ്തി ജോസഫ് ഗ്രൂപ്പിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മറ്റ് മന്ത്രിമാരുടെ വകുപ്പുകളെച്ചൊല്ലിയുള്ള ചർച്ചകൾ ഇന്നും തുടരും.