മതപരിവർത്തനം ആരോപിച്ച് ജാർഖണ്ഡിൽ കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ പ്രകോപനം, കുട്ടികളെ അടക്കം തടഞ്ഞുവെച്ചു

റാഞ്ചി: കന്യാസ്ത്രീകള്‍ക്ക് നേരെ വീണ്ടും സംഘപരിവാര്‍ പ്രകോപനം. ജാര്‍ഖണ്ഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ജംഷഡ്പുര്‍ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെയും പത്തൊന്‍പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചത്. മതപരിവര്‍ത്തനം ആരോപിച്ചാണ് വിഎച്ച്പിയും ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകരും പ്രകോപനമുണ്ടാക്കിയത്.
മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും പൊലീസും വിഷയത്തില്‍ ഇടപെട്ടു.
കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുര്‍ രൂപതയുടെ കീഴില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചതോടെ പൊലീസ് വിട്ടയക്കുകയായിരുന്നു.