സംഘപരിവാർ സംഘടനകളേ സത്യം മനസിലാക്കൂ, വർഗീയ അജണ്ട ഉപേക്ഷിക്കൂ... സുരേഷ് ഗോപിയുടെ വിജയം വോട്ടു കൊള്ളയിലൂടെ, ചില മെത്രാന്മാര്‍ ഈ തന്ത്രത്തില്‍ വീണു; ആരോപണവുമായി തൃശൂര്‍ അതിരൂപത

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം വോട്ടു കൊള്ളയിലൂടെയാണെന്ന ആരോപണവുമായി സിറോ മലബാര്‍ സഭയുടെ തൃശ്ശൂര്‍ അതിരൂപത. അതിരൂപതാ മുഖമാസികയായ കത്തോലിക്കാ സഭയുടെ സെപ്റ്റംബര്‍ ലക്കത്തിലെ ലേഖനത്തിലാണ് ആരോപണം.
വോട്ടര്‍പട്ടികയിലെ കൊള്ള മറച്ചു പിടിക്കാന്‍ ക്രിസ്ത്യന്‍ പള്ളികളിലേക്കും, കരുവന്നൂര്‍ തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും, കോളനികളിലേക്കും സുരേഷ് ഗോപിയെ പറഞ്ഞുവിട്ടത് ആര്‍എസ്എസിന്റെ ഗൂഢ തന്ത്രം എന്നും ലേഖനത്തില്‍ പറയുന്നു. ചില മെത്രാന്മാര്‍ ഈ തന്ത്രത്തില്‍ വീണു പോയെന്നും ലേഖനത്തിലുണ്ട്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ഒരു ലക്ഷത്തി നാല്പത്തിയാറായിരത്തി അറുനൂറ്റി എഴുപത്തിമൂന്ന് വോട്ടുകള്‍ ആണ് കൂടിയത്. 10.99% വര്‍ധനവ്. സുരേഷ് ഗോപി വിജയിച്ചതാകട്ടെ 74,686 വോട്ടിന്. ഈ പുതിയ ഒരു ലക്ഷം വോട്ടുകള്‍ എങ്ങനെ വന്നു എന്ന് തൃശ്ശൂര്‍ അതിരൂപത മുഖമാസികയായ കത്തോലിക്കാ സഭയിലെ ലേഖനം ചോദിക്കുന്നു.
തൃശ്ശൂരിന് പുറത്തുള്ള ഒരു ലക്ഷത്തോളം ആളുകളെ വോട്ടര്‍ പട്ടികയില്‍ കുത്തിതിരികുകയാണ് ഈ വിജയം നേടിയതെന്ന് കത്തോലിക്കാ സഭയിലെ ലേഖനം ആരോപിക്കുന്നു.
യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും മണ്ഡലത്തിലെ സംഘടന ദൗര്‍ബല്യം മനസ്സിലാക്കി ആര്‍എസ്എസ് നടത്തിയ ആസൂത്രിത നീക്കമാണ് ഈ വോട്ട് കൊള്ള എന്ന് ലേഖനം ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലെ ഈ കൊള്ള തിരിച്ചറിയാതിരിക്കാന്‍ ക്രിസ്ത്യന്‍ പള്ളികളിലേക്കും കരുവന്നൂര്‍ തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും കോളനികളിലേക്കും സുരേഷ് ഗോപിയുടെ യാത്രകള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തു.
ഇങ്ങനെ പുകമറ സൃഷ്ടിച്ച്, ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞു വെന്ന തെറ്റായ പ്രചരണം ഇപ്പോഴും ആര്‍എസ്എസ് നടത്തുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.