തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയാകാൻ സന്ദീപ് വാര്യർ; ഉദുമയിൽ പ്രദീപ് കുമാറും മത്സരിച്ചേക്കും
ഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്ന് സൂചന. ഉദുമയിൽ കാസർഗോഡ് ഡിസിസി വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാർ മത്സരിക്കുമെന്നും സൂചനയുണ്ട്. ഇന്ദിരാഭവനിൽ ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും സംസ്ഥാന നേതാക്കളുടെയും നേതൃത്തിലാണ് ചർച്ച നടക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ കാസർഗോഡ് ഉണ്ടായിരുന്നില്ല. ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇന്ന് കൊണ്ട് മുഴുവൻ സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയത്. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി വി.ഡി. സതീശനും പ്രതികരിച്ചിരുന്നു.