കാസ ക്രിസ്ത്യൻ സമൂഹത്തിൽ മുസ്‌ലിം വിരോധം വളർത്തുന്നു: സജി ചെറിയാൻ

ആലപ്പുഴ: തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ ക്രിസ്ത്യൻ സമൂഹത്തിൽ മുസ്‌ലിം വിരോധം വളർത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. കാസയുടെ പ്രവർത്തനം ആർഎസ്എസ് പിന്തുണയോടെയാണെന്നും മന്ത്രി ആരോപിച്ചു. പുന്നപ്ര വയലാർ സമരഭൂമിയിൽ പി.കെ. ചന്ദ്രാനന്ദൻ 11-ാം ചരമവാർഷിക ദിനവുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലത്ത് ഒരു ക്രിസ്ത്യൻ പുരോഹിതന്റെ ഫോൺ കാണാനിടയായെന്നും അതിൽ മുസ്‌ലിം വിരുദ്ധ മെസ്സേജുകളാണ് കൂടുതലായും വരുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. ഇവരെല്ലാം ചേർന്ന് കേരളത്തെ വിഴുങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കൂട്ടരും ഇവരെ പിന്തുണയ്ക്കുകയാണെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ ഇത് കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോക്ടർ ഹാരിസിനെതിരെയും സജി ചെറിയാൻ പ്രതികരിച്ചു. ഹാരിസ് ചെയ്തത് ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച പ്രവർത്തിയല്ല. തിരുത്തിയത് നല്ല ഇടപെടൽ. ആരോഗ്യ മന്ത്രി എന്ന നിലയിൽ വീണ ജോർജിന്റെത് മികച്ച പ്രവർത്തനമാണെന്നും സർക്കാർ ആശുപത്രികളെക്കാൾ മോശം രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്തുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.