ബി.ജെ.പിയുടെ അജണ്ടക്ക് ശബരിനാഥൻ കൂട്ടുനിൽക്കരുത്’; മുൻ എം.എൽ.എയുടേത് അപക്വമായ പ്രസ്താവനയെന്ന് വി.കെ. പ്രശാന്ത്
തിരുവനന്തപുരം: ആർ. ശ്രീലേഖയുമായി ബന്ധപ്പെട്ട ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ എം.എൽ.എ ഓഫിസ് വിവാദത്തിൽ മുൻ എം.എൽ.എയും കൗൺസിലറുമായ അഡ്വ. കെ.എസ്. ശബരിനാഥന് മറുപടിയുമായി വി.കെ. പ്രശാന്ത്. ബി.ജെ.പി അവരുടെ അജണ്ട നടപ്പാക്കുമ്പോൾ എം.എൽ.എയായിരുന്ന ശബരിനാഥനെ പോലുള്ള ഒരാൾ പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് പ്രശാന്ത് ചോദിച്ചു. ഇത്തരം തിട്ടൂരത്തിന് തലകുനിച്ചാൽ കേരളത്തിന്‍റെ സ്ഥിതി എന്താകുമെന്ന് അദ്ദേഹം ഗൗരവമായി ആലോചിക്കണം. പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ ഇക്കാര്യം പഠിക്കേണ്ടതുണ്ടെന്നും പ്രശാന്ത് വ്യക്തമാക്കി.
മണ്ഡലത്തിലെ ജനങ്ങൾ ഏത് സമയത്തും കടന്നുവരാൻ സാധിക്കുംവിധമാണ് ശാസ്ത്രമംഗലത്തെ മുറി കണ്ടെത്തിയത്. അന്നത്തെ ഭരണസമിതിയോ കൗൺസിലർമാരോ എതിർപ്പ് പറഞ്ഞിട്ടില്ല. ഏഴ് വർഷക്കാലം സുഗമായി ഓഫിസ് പ്രവർത്തിച്ചു. ശബരിനാഥന്‍റെ സൗകര്യത്തിനല്ല ഓഫിസ് ഉപയോഗിക്കുന്നത്. ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമായാണ് എം.എൽ.എയെ ശാസ്ത്രമംഗലത്ത് നിന്ന് മാറ്റാൻ നീക്കം നടത്തുന്നത്.
എം.എൽ.എ ഹോസ്റ്റലിലായ നിള ബ്ലോക്കിലെ മുറി തന്‍റെ താമസത്തിന് ഉള്ളതാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിന്‍റെ ഒരു മൂലയിലാണ് എം.എൽ.എ ഹോസ്റ്റൽ ഉള്ളത്. ശാസ്ത്രമംഗലം എന്നത് മണ്ഡലത്തിലെ എല്ലാ വിഭാഗം ആളുകൾക്കും എത്തിച്ചേരാൻ സാധിക്കുന്ന ഗതാഗത സൗകര്യമുള്ള സ്ഥലമാണ്. തനിക്കെതിരെ ആരും പരാതി ഉന്നയിച്ചില്ല.
മാർച്ച് 31 വരെ കെട്ടിടം ഉപയോഗിക്കാൻ തനിക്ക് സാധിക്കും. കാലാവധി കഴിയുമ്പോൾ മാറുന്ന കാര്യം ആലോചിക്കാം. ഇന്ത്യയിൽ കേരളത്തിലെ എം.എൽ.എമാർക്കാണ് ഏറ്റവും കുറവ് അലവൻസ് ലഭിക്കുന്നത്. അലവൻസ് ആയി ലഭിക്കുന്ന 25,000 രൂപ വിവിധ നിലയിലുള്ള ഓഫിസ് ചെലവുകൾക്കാണിത്.
വാടകയിനത്തിൽ എം.എൽ.എ 25,000 രൂപ എഴുതി വാങ്ങി 820 രൂപ കോർപറേഷന് കൊടുക്കുന്നുവെന്ന് ബി.ജെ.പി ഹാൻഡിലുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം നടത്തുകയാണ്. വ്യക്തിഹത്യ നടത്താനുള്ള ബി.ജെ.പിയുടെ നീക്കത്തിന് കോൺഗ്രസ് പിന്തുണ കൊടുക്കുകയാണെന്നും വി.കെ. പ്രശാന്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഓഫിസ് വിവാദത്തിൽ പ്രതകരണവുമായി മുൻ എം.എൽ.എയും തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് കൂടിയായ അഡ്വ. കെ.എസ്. ശബരിനാഥൻ രംഗത്തെത്തിയത്. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ വി.കെ. പ്രശാന്തിന് രണ്ട് മുറികളുണ്ടെന്നും ശബരിനാഥൻ പറഞ്ഞു.
നിയമസഭയുടെ എം.എൽ.എ ഹോസ്റ്റൽ പ്രശാന്ത് പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. ഇത്രയും സൗകര്യങ്ങളുള്ള മുറികൾ സംസ്ഥാന സർക്കാർ സൗജന്യമായി നൽകുമ്പോൾ എന്തിനാണ് കോർപറേഷൻ കെട്ടിടത്തിൽ ഓഫിസ്. അതിനാൽ, ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലെ ഓഫിസ് പ്രശാന്ത് ഒഴിയുന്നതാണ് നല്ലതെന്നാണ് തന്‍റെ അഭിപ്രായമെന്നും കെ.എസ്. ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കെ.എസ്. ശബരിനാഥന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ MLA യുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്തു പ്രവർത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ MLA ഹോസ്റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടർ സജ്ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റൽ. ഞാൻ അന്വേഷിച്ചപ്പോൾ MLA ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.
വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്ത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് ഒഴിയണമെന്ന കൗൺസിലർ ആർ. ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദത്തിന് വഴിവെച്ചത്. ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖയും കാലാവധി തീരാതെ ഒഴിയില്ലെന്ന് എം.എൽ.എയും നിലപാട് കടുപ്പിച്ചതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
സംഭവം വിവാദമായതോടെ എം.എൽ.എയെ ഓഫിസിലെത്തി കണ്ട് ശ്രീലേഖ ആവശ്യം ആവർത്തിച്ചു. സഹോദരനും സുഹൃത്തും എന്ന നിലയിൽ ഓഫിസ് ഒഴിയണമെന്ന് പ്രശാന്തിനോട് അഭ്യർഥിക്കുകയാണ് ചെയ്തതെന്ന് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ഓഫിസ് ഒഴിയാനാവില്ലെന്നും മാർച്ച് 31 വരെ വാടക കരാർ ഉണ്ടെന്നുമാണ് വി.കെ. പ്രശാന്ത് ശ്രീലേഖയെ ധരിപ്പിച്ചത്. താഴത്തെ നിലയിലെ രണ്ട് മുറികളാണ് എം.എൽ.എക്ക് നൽകിയത്. കൗൺസിലറുടെ ഓഫിസ് മുറിയും ഇവിടെയുണ്ട്.
‘‘എൽ.എൽ.എ ഓഫിസിലെ ജീവനക്കാർ ഇരിക്കുന്ന മുറിയിലൂടെ വേണം കൗൺസിലറുടെ മുറിയിലേക്ക് പോകാൻ. ഈ മുറിയിൽ സൗകര്യമില്ല. അതു കൊണ്ടാണ് എം.എൽ.എയോട് ഓഫിസ് ഒഴിയാനാവുമോയെന്ന് ചോദിച്ചത്. നിലവിലെ കൗൺസിലറുടെ ഓഫിസ് മുറി തന്നെ താൻ ഉപയോഗിക്കും. അതിൽ എം.എൽ.എക്ക് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ’’ -ശ്രീലേഖ ആരാഞ്ഞു. എഴു വർഷം ഇല്ലാത്ത ഒരു ബുദ്ധിമുട്ടും ഇപ്പോഴില്ലെന്ന് മറുപടി നൽകിയ പ്രശാന്ത്, കൗൺസിലാണ് വാടക കാര്യം തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.