യുക്രൈനിൽ റഷ്യയുടെ വൻ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

 
2222

യുക്രൈനിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 619 ഡ്രോണുകളും 47 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും യുക്രൈൻ പ്രതിരോധ സേന വെടിവെച്ചിട്ടെങ്കിലും, ചില മിസൈലുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയായിരുന്നു.

തെക്കുകിഴക്കൻ യുക്രൈനിലെ ഡിനിപ്രോ നഗരത്തെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഇവിടെ നാലുനില കെട്ടിടത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരു കുട്ടിയുൾപ്പെടെ 21 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. ചെർണിഹീവ് മേഖലയിലെ നിസൈൻ നഗരത്തിൽ ഉണ്ടായ ആക്രമണത്തിൽ 30-ഉം 60-ഉം വയസ്സുള്ള രണ്ട് പുരുഷന്മാർ കൊല്ലപ്പെട്ടു.

ഇവിടെ നടന്ന മിസൈൽ ആക്രമണത്തിൽ പൊതുഗതാഗത കേന്ദ്രങ്ങൾ തകരുകയും ഒന്നര വയസ്സുള്ള കുട്ടിയുൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യ വിക്ഷേപിച്ച 660-ലധികം ആയുധങ്ങളിൽ 580 ഡ്രോണുകളും 30 മിസൈലുകളും തകർക്കാൻ സാധിച്ചതായി യുക്രൈൻ വ്യോമസേന അറിയിച്ചു. “റഷ്യയുടെ ഭീകരതയ്ക്ക് പരിധിയില്ല” എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് വോലോഡിമർ സെലൻസ്‌കി, സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.

Tags

Share this story

From Around the Web