റൊമാനിയയിലെ പാർപ്പിട സമുച്ചയത്തിന് നേരെ റഷ്യ നടത്തിയ ഡ്രോൺ ആക്രമണം; യുഎന്നിൽ റഷ്യക്കെതിരെ 56 രാജ്യങ്ങൾ
റൊമാനിയയിലെ ജനവാസ മേഖലയ്ക്ക് നേരെ ഉണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തെ യുഎന്നിൽ കടുത്ത ഭാഷയിൽ അപലപിച്ച് വിവിധ ലോകരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും റഷ്യയുടെ ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും 56 രാജ്യങ്ങളെ പ്രതിനിധീകരിച്ച് റൊമാനിയൻ വിദേശകാര്യ മന്ത്രി ഓന-സിൽവിയ ടോയു വ്യക്തമാക്കി. യൂറോപ്യൻ യൂണിയൻ, നാറ്റോ സഖ്യരാജ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളാണ് റഷ്യക്കെതിരെ സംയുക്ത പ്രസ്താവനയിറക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള റൊമാനിയൻ നഗരമായ ഗലാറ്റിയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ 14 വയസ്സുകാരനായ ഒരു ആൺകുട്ടിക്കും 53 വയസ്സുകാരിയായ ഒരു സ്ത്രീക്കും പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
റഷ്യയുടെ ഇത്തരം നീക്കങ്ങൾ മേഖലയിലെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് റൊമാനിയൻ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. “റൊമാനിയയുടെയും മറ്റ് മധ്യ-കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും വ്യോമാതിർത്തി ലംഘിച്ചുകൊണ്ട് റഷ്യൻ ഡ്രോണുകൾ പറക്കുന്നത് ഇതാദ്യമായല്ല. യുക്രൈനിനെതിരെയുള്ള യുദ്ധത്തിൽ റഷ്യ സ്വീകരിക്കുന്ന ആക്രമണാത്മക തന്ത്രങ്ങളുടെ നേരിട്ടുള്ള അനന്തരഫലമാണിത്. ഇത്തരം നടപടികൾ റഷ്യ ഉടൻ അവസാനിപ്പിക്കണം” റൊമാനിയൻ വിദേശകാര്യ മന്ത്രി ഓന-സിൽവിയ ടോയു വ്യക്തമാക്കി.