റഷ്യയിൽ യുക്രൈന്റെ വൻ ഡ്രോൺ ആക്രമണം: മൂന്ന് മണിക്കൂറിനിടെ 148 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ
യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലകളിൽ ഞായറാഴ്ച രാത്രി വൻ യുക്രൈൻ ഡ്രോൺ ആക്രമണം ഉണ്ടായതായി റഷ്യ. വെറും മൂന്ന് മണിക്കൂറിനുള്ളിൽ യുക്രൈൻ അയച്ച 148 ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബെൽഗൊറോഡ്, കുർസ്ക് മേഖലകൾക്ക് പുറമെ ക്രാസ്നോദർ പ്രവിശ്യ, ക്രിമിയ, കരിങ്കടൽ തീരം എന്നിവിടങ്ങളിലാണ് യുക്രൈൻ ഡ്രോണുകൾ എത്തിയത്. മോസ്കോ സമയം രാത്രി എട്ട് മണിക്കും പതിനൊന്ന് മണിക്കും ഇടയിലായിരുന്നു അതിശക്തമായ ഈ ആക്രമണം നടന്നതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു.
ഡ്രോണുകൾ തകർത്തതായാണ് റഷ്യ അവകാശപ്പെടുന്നതെങ്കിലും, തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് ചിലയിടങ്ങളിൽ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, അതിർത്തി കടന്ന് റഷ്യൻ മണ്ണിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുള്ള യുക്രൈന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ ഡ്രോൺ ആക്രമണത്തെ റഷ്യ വിലയിരുത്തുന്നത്.