റബർ വിപണിയിൽ കുതിപ്പ്: ആഗോള വിപണിയിൽ വില റെക്കോർഡിലേക്ക്; ആഭ്യന്തര വിപണിയിൽ വർധന മന്ദഗതിയിൽ

 
rubber

കോട്ടയം:  ആഗോള വിപണിയിൽ റബര്‍ വില കുതിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി രാജ്യാന്തര വില 300 രൂപ പിന്നിട്ടു. നിലവില്‍ ബാങ്കോക്ക് വില കിലോഗ്രാമിന് 304 രൂപയാണ്.

ചരക്ക് ലഭ്യതക്കുറവും ഉയര്‍ന്ന ക്രൂഡ് വിലയും റബര്‍ വിലയില്‍ ഇനിയും കയറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. രാജ്യന്തര വിലയുടെ ചുവടു പിടിച്ചു ആഭ്യന്തര വിലയും വീണ്ടും വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഇവിടെയും വില മൂന്നുറിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്.

ഇന്നലെ റബര്‍ ബോര്‍ഡ് 265 രൂപയാണു പ്രഖ്യാപിച്ചത്.  റബര്‍ ബോര്‍ഡിന്റെ ഈ വിലയേക്കാള്‍ കൂടുതല്‍ നല്കിയാണ് പലയിടത്തും വ്യാപാരികള്‍ ചരക്ക് ശേഖരിക്കുന്നത്. മൂന്നാഴ്ച മുമ്പ്  263 രൂപയെന്ന റെക്കോര്‍ഡില്‍ എത്തിയ വിലയാണു വീണ്ടും ചലിച്ചു തുടങ്ങിയിരിക്കുന്നത്.

മഴ ശക്തമായതോടെ ആഭ്യന്തര ഉത്പാദനം കുത്തനെ കുറഞ്ഞത് ആഭ്യന്തര വില ഉയരാന്‍ കാരണമായിട്ടുണ്ട്. രാജ്യാന്തര വില 300 രൂപയിലേക്ക് എത്തിയതോടെ ഇറക്കുമതിയും പ്രായോഗികമല്ലാതായി മാറി. ഇതോടെ വില വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സുചന.

വില ഇനിയും കൂടുമെന്നാണ് വ്യാപാരികളും പറയുന്നത്. അതേസമയം, കര്‍ഷകരുടെ കൈവശം ആവശ്യത്തിന് ചരക്ക് സ്റ്റോക്കില്ല. ഇനി മണ്‍സൂണ്‍ ടാപ്പിംഗ് സജീവമാകുമ്പോള്‍ മാത്രമേ ചരക്ക് വിപണിയിലേക്ക് എത്തൂ.

ആഗോള വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം ആഭ്യന്തര വിപണിയിലും റബറിന് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. ടയര്‍ നിര്‍മ്മാതാക്കള്‍ വ്യാപാരികള്‍ വഴി ഉയര്‍ന്ന വില നല്‍കി വിപണിയില്‍ നിന്ന് റബര്‍ സംഭരിക്കാന്‍ മത്സരിക്കുകയാണ്.

വേനല്‍ച്ചൂട് കാരണം കേരളത്തിലും ഉത്പാദനം പകുതിയായി കുറഞ്ഞിരുന്നതിനാല്‍ വിപണിയില്‍ കര്‍ഷകരുടെ പക്കല്‍ വലിയ തോതില്‍ സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്. എങ്കിലും വിലയിലുണ്ടായ ഈ വന്‍ മുന്നേറ്റം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

കാലവര്‍ഷം നേരത്തെ എത്തിയതോടെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ റെയിന്‍ ഗാര്‍ഡിങ് ജോലികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഉയര്‍ന്ന വിലയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മഴക്കാലത്തും ടാപ്പിംഗ് മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. തൊഴിലാളി ക്ഷാമവും അനുബന്ധ ചെലവുകളും വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും, റബര്‍ വിലയിലെ ഈ കുതിപ്പ് കേരളത്തിലെ മലയോര കര്‍ഷക സമ്പദ്വ്യവസ്ഥയ്ക്ക് വന്‍ ഉണര്‍വേകും.

Tags

Share this story

From Around the Web