റബ്ബർ കർഷകരുടെ തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഒക്ടോബർ എട്ടിന്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും
 

 
0

കോട്ടയം: ഉത്പാദനച്ചിലവിന് ആനുപാതികമായി സ്വാഭാവിക റബ്ബറിന്  വിലകിട്ടാതെ ദുരിതം അനുഭവിക്കുന്ന റബ്ബർ കർഷകർ, തിരുവനന്തപുരം  സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും ധർണ്ണയും ഒക്ടോബർ എട്ടാം തീയതി രാവിലെ പത്തര മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

റബ്ബർ കർഷകരുടെ നിലനിൽപ്പിനു വേണ്ടി കേരള സർക്കാർആരംഭിച്ച വില സ്ഥിരതാ പദ്ധതി യിൽ സ്വാഭാവിക  റബ്ബറിന്റ അടിസ്ഥാന വില 250 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന ഇടതു പക്ഷ മുന്നണിയുടെയും, ഐക്യജനാധിപത്യ മുന്നണിയുടെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനം ഇനിയും നടപ്പിലാക്കാത്തതിനാലാണ് റബ്ബർ കർഷകർ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തുന്നതെന്ന് റബ്ബർ ഉൽപ്പാദക സംഘങ്ങളുടെ കൂട്ടായ്മയായ, നാഷണൽ കൺസോർഷ്യം ഫോർ റബ്ബർ പ്രൊഡ്യൂസേഴ്സ് സോസൈറ്റി അഖിലേന്ത്യാ പ്രസിഡൻ്റ് എബ്രഹാം വർഗീസ് കാപ്പിൽ, നിലമ്പൂരും, അഖിലേന്ത്യാ സെക്രട്ടറി ബാബു ജോസഫും പത്രസമ്മേളനത്തിൽ അറിയിച്ചു.

കൂടാതെ, കേരള  സർക്കാർ സംരംഭമായ  "കേരപദ്ധതി" യിൽ കേരളത്തിലെ മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തണമെന്നും, കേര പദ്ധതി നടപ്പിലാക്കുന്ന ജില്ലകളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ റബ്ബർ ബോർഡിൽ നിന്നും ലഭിച്ചു വരുന്ന റീ പ്ലാന്റിങ് സബ്‌സിഡി(ഹെക്റ്ററിന് 40,000രൂപ) നിർത്തലാക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന  ആവശ്യവും കർഷകർ മാർച്ചിലും ധർണ്ണയിലും ഉന്നയിക്കും. 

റബ്ബറിന്റെ ഇന്നത്തെ  മാർക്കറ്റ് വില അനുസരിച്ച്, റബ്ബറിന്റെ ഉത്പാദനച്ചിലവ് പോലും കർഷകന് ലഭിക്കത്തില്ല എന്ന് വാണിജ്യ മന്ത്രാലയത്തിനും  റബ്ബർ ബോർഡിനും  ബന്ധപ്പെട്ട മറ്റുള്ളവർക്കും കൃത്യമായി അറിയാം.

നാമമാത്രമായ ഈ മാർക്കറ്റ് വിലക്ക് ഇനി മുതൽ റബ്ബർഷീറ്റ് പൊതു  വിപണിയിൽ വിൽക്കില്ലെന്ന റബ്ബർ കർഷക കൂട്ടായ്മ യുടെ തീരുമാനം പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കൂടിയാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരിക്കുന്നത് .

ഒക്ടോബർ എട്ടാം തീയതി രാവിലെ പത്ത് മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമാപിക്കും.

മാർച്ചിൻ്റെ തുടർച്ചയായി നടക്കുന്ന ധർണ്ണ, റബ്ബർ ഉൽപ്പാദകസംഘങ്ങളുടെ ദേശീയ പ്രസിഡന്റ്‌ എബ്രഹാം വർഗീസ് കാപ്പിലിന്റെ അദ്ധ്യക്ഷതയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  ഉത്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ പാർട്ടികളെയും കർഷക സംഘടന കളെയും പ്രതിനിധീകരിച്ച്, മോൻസ് ജോസഫ് എം എൽ എ, എം നൗഷാദ് എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, കുറുക്കോളി മൊയ്‌തീൻ എം എൽ എ, ബി ജെ പി മേഖലപ്രസിഡന്റ്‌ എൻ ഹരി, പി സി സിറിയക് ഐ എ എസ്, ജോസഫ് എം പുതുശ്ശേരി എക്സ് എം എൽ എ തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുക്കും. 

പതിവ് പോലെ കേരളത്തിൽ റബ്ബർ ഉൽപ്പാദനം കൂടുന്ന കാലത്ത്, ഇന്ത്യയിലെ ടയർ വ്യവസായികൾ മാർക്കറ്റിൽ ഒത്തുകളി വ്യാപാരം ആരംഭിച്ചിരിക്കുന്നു. ഉൽപ്പാദന ചിലവ് പോലും ലഭിക്കാതെ തങ്ങളുടെ ഉൽപ്പന്നം മാർക്കറ്റിൽ വിൽക്കുകയില്ലെന്ന് കർഷകരുടെ കൂട്ടായ്മയും തീരുമാനിച്ചിരിക്കുകയാണ്.

ഈ സ്ഥിതി തുടരുകയാണെങ്കിൽ കഴിഞ്ഞ വർഷം തുടങ്ങി വച്ച "വിലയില്ലെങ്കിൽ റബ്ബറില്ല"എന്ന സമരം ഒക്ടോബർ മുതൽ പുനരാരംഭിക്കുവാൻ റബ്ബർ കർഷക കൂട്ടായ്മ തീരുമാനിച്ചിരിക്കുകയാണ്. ഈ സമരം കൂടുതൽ മേഖയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. 

ഇപ്പോൾ തന്നെ മുപ്പത് ശതമാനം റബ്ബർ  തോട്ടങ്ങൾ ടാപ്പിംഗ് നടത്തുന്നില്ലെന്നാണ് റബ്ബർ ബോർഡിൻ്റെ കണ്ടെത്തൽ. ഇത് ഇനിയും വർദ്ധിക്കുന്നത് റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് നല്ലതോ ചീത്തയോ എന്ന് ടയർ വ്യവസായികളും, ഭരണാധികാരികളും റബ്ബർ ബോർഡും ചിന്തിക്കണം എന്ന്   എബ്രഹാം വർഗീസ് കാപ്പിലും, ബാബു ജോസഫും പത്രസമ്മേളനത്തിൽ പറഞ്ഞു.

Tags

Share this story

From Around the Web