നാട്ടിലേക്ക് തിരികെ എത്തുന്ന ബംഗാളി തൊഴിലാളികൾക്ക് മാസം 5000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

പശ്ചിമബംഗാളില്‍ നിന്ന് തൊഴില്‍ തേടി മറ്റു നാടുകളിലേക്ക് പോയവര്‍ മടങ്ങി വന്നാൽ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തിങ്കാളാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാന ഭരണ ആസ്ഥാനമായ നബന്നയില്‍ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പശ്ചിമബംഗാളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് 'ഖാദ്യ സതി', 'സ്വസ്ഥ സതി' തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനൊപ്പം അടുത്ത ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 'ശ്രമശ്രീ' എന്ന പേരില്‍ പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
''ഈ പദ്ധതി ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് മാത്രമുള്ളതാണ്. സംസ്ഥാനത്തേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ സഹായത്തിനൊപ്പം 5000 രൂപയുടെ ഒറ്റത്തവണ പേയ്‌മെന്റും ലഭിക്കും. ഇത് ഒരു പുനരധിവാസ അലവന്‍സാണ്. പുതിയ ഒരു ജോലി ലഭിക്കുന്നത് വരെ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപയുടെ സഹായധനവും നല്‍കും,'' മമത ബാനര്‍ജി പറഞ്ഞു.
പശ്ചിമബംഗാള്‍ തൊഴില്‍ വകുപ്പാണ് ഈ പദ്ധതിയുടെ നോഡല്‍ വകുപ്പായി പ്രവര്‍ത്തിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഉത്കര്‍ഷ ബംഗ്ലാ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് നൈപുണ്യ പരിശീലനവും നല്‍കും.