39 ലക്ഷം രൂപ കുഴിച്ചിട്ടു; പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത പണം കണ്ടെത്തി, ഷിബിന്‍ ലാലിന്റെ വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്
 

 
www

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.

ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്നും 500 മീറ്ററോളം ദൂരത്തില്‍ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിര്‍ന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകള്‍. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് പോലീസ് പ്രതിയുമായി കൈമ്പാലത്ത് എത്തിയത്. 40 ലക്ഷം രൂപയാണ് ബാങ്ക് ജീവനക്കാരില്‍ നിന്ന് ഷിബിന്‍ ലാല്‍ തട്ടിയെടുത്തത്. ഇതുവരെ 55000 രൂപ മാത്രമായിരുന്നു അന്വേഷണ സംഘത്തിന് കണ്ടെത്തായത്. കേസില്‍ ഷിബിന്‍ ലാല്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം പതിനൊന്നിനാണ് പന്തീരാങ്കാവിലെ അക്ഷയ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പ്രതി പണം തട്ടിയെടുത്തത്.

പന്തീരങ്കാവ് മണക്കടവ് റോഡിലെ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം മാറ്റിവെക്കാനെന്ന കള്ളക്കഥയുണ്ടാക്കിയായിരുന്നു കവര്‍ച്ച. രാമനാട്ടുകരയിലെ ഇസാഫ് ബാങ്കിലെത്തി 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇതേത്തുടര്‍ന്ന് ഷിബിന്‍ലാലിന്റെ വിശദവിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം ഇസാഫ് ബാങ്ക് ജീവനക്കാര്‍ പണവുമായി സ്വര്‍ണം പണയംവെച്ച ബാങ്കിലേയ്ക്ക് എത്തി.

പണവുമായി ജീവനക്കാരന്‍ അരവിന്ദന്‍ പന്തീരങ്കാവിലെ ബാങ്കിലേക്ക് നടക്കുന്നതിനിടെ കൈവശമുള്ള പണമടങ്ങുന്ന ബാഗ് തട്ടിയെടുത്ത് പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഷിബിന്‍ ലാലും കൂട്ടാളികളായ രണ്ട് പേരും പിടിയിലായിരുന്നെങ്കിലും പണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

കേസില്‍ ഷിബിന്‍ ലാല്‍ അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ നിന്ന് 55000 രൂപ മാത്രമായിരുന്നു അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചത്.

ദിവസങ്ങള്‍ നീണ്ട ചോദ്യംചെയ്യലില്‍ പണം കുഴിച്ചിട്ടതായി പ്രതി സമ്മതിക്കുകയായിരുന്നു. കവര്‍ച്ച നടന്ന് ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞാണ് പോലീസ് പണം കണ്ടെത്തുന്നത്. കണ്ടെടുത്ത പണം പോലീസ് എണ്ണിത്തിട്ടപ്പെടുത്തി.

Tags

Share this story

From Around the Web