ജൂബിലി തീർഥാടകരെ സ്വാഗതം ചെയ്ത് റോമൻ ഭൂഗർഭ സെമിത്തേരി

റോമിലെ ഏകദേശം 2,000 വർഷം പഴക്കമുള്ള ഭൂഗർഭ സെമിത്തേരികൾ പ്രത്യാശയുടെ ജൂബിലി തീർഥാടകർക്കായി തുറന്നുകൊടുത്ത് വത്തിക്കാൻ. ഇവയെല്ലാം ക്രിസ്തീയ വിശ്വാസത്തിന്റെയും മനുഷ്യശരീരത്തിന്റെ അന്തസ്സിലുള്ള വിശ്വാസത്തിന്റെയും നിത്യജീവനിലുള്ള പ്രത്യാശയുടെയും ആദ്യകാല തെളിവുകൾ ഉൾക്കൊള്ളുന്നവയായതിനാൽ തീർഥാടകർക്ക് നവ്യാനുഭവമായി നിലകൊള്ളുന്നു.
രണ്ടാം നൂറ്റാണ്ടുമുതലുള്ള ഇവ റോമിലെ ഏറ്റവും വലിയ ശ്മശാന സമുച്ചയവും റോമൻ സഭയുടെ ആദ്യത്തെ പൊതു സെമിത്തേരിയും ആയി കണക്കാക്കപ്പെടുന്നു എന്ന് പൊന്തിഫിക്കൽ കമ്മീഷൻ ഫോർ സേക്രഡ് ആർക്കിയോളജിയുടെ പ്രസിഡന്റ് പാസ്ക്വേൽ ഇക്കോബോൺ പറഞ്ഞു.
ഭൂഗർഭ സെമിത്തേരിയിൽ ആയിരക്കണക്കിന് വിശ്വാസികളുടെ ശവകുടീരങ്ങൾ മാത്രമല്ല, രക്തസാക്ഷികളെയും, പ്രത്യേകിച്ച്, മൂന്നാം നൂറ്റാണ്ടിലെ ഒമ്പത് മാർപാപ്പമാരുടെയും ശവകുടീരങ്ങൾ അടക്കം ചെയ്തിരിക്കുന്നത് കാണാൻ കഴിയും. സംഗീതജ്ഞരുടെ രക്ഷാധികാരിയായ വിശുദ്ധ സിസിലിയയുടെ ശവകുടീരവും ഈ കാറ്റകോമ്പുകളിൽ തന്നെയാണ്.