ജാതിവിവേചനത്തിന് ഒരുവര്‍ഷം തടവും പിഴയും ശിക്ഷ, 'രോഹിത് വെമുല' ബിൽ നിയമമാക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: 'രോഹിത് വെമുല' നിയമം നടപ്പാക്കാനൊരുങ്ങി കര്‍ണാടക. മൺസൂൺ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കും. ജാതി വിവേചനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രതി പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനമുണ്ടായാല്‍ സ്ഥാപന മേധാവിമാരും ശിക്ഷിക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റും സര്‍ക്കാര്‍ സഹായവും റദ്ദാക്കും. ദളിത്- പിന്നാക്ക- ആദിവാസി വിഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുകയാണ് 'രോഹിത് വെമുല' നിയമത്തിന്റെ ലക്ഷ്യം.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കരട് തയ്യാറാക്കിയത്. രോഹിത് വെമുല നിയമം നടപ്പിലാക്കുമെന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി-മത വിവേചനം തടയുന്നതിന് 'രോഹിത് വെമുല'യുടെ പേരില്‍ നിയമം കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഡോ. ബി ആര്‍ അംബേദ്കറും രോഹിത് വെമുലയും മറ്റ് ലക്ഷക്കണക്കിനുപേരും നേരിട്ട വിവേചനം ഇനി ഇന്ത്യയിലെ ഒരു കുട്ടിയും അനുഭവിക്കാതിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിയമം നടപ്പിലാക്കണം എന്നാണ് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
നിര്‍ദേശം അംഗീകരിച്ച സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് നീക്കം ആരംഭിച്ചു. ജാതി സെന്‍സസ് റിപ്പോര്‍ട്ട് കര്‍ണാടകയില്‍ വലിയ വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കത്ത് എന്നതും ശ്രദ്ധേയമാണ്. 2016-ല്‍ ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ജാതി പീഡനത്തിന് ഇരയായതിനെ തുടര്‍ന്നാണ് ഗവേഷണ വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്.