റവ. നിതിൻ പോൾ ഷിബു മാർത്തോമാ സഭ വൈദികൻ, കശ്ശീശ പട്ടംകൊട ശുശ്രൂഷ ഭക്തിനിർഭരം

കോട്ടയം : റവ. നിതിൻ പോൾ ഷിബു മലങ്കര മാർത്തോമാ സുറിയാനി സഭയുടെ കശ്ശീശ സ്ഥാനത്തേക്ക് പ്രവേശിച്ചു. പുന്നവേലി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ നടന്ന കശ്ശീശ പട്ടംകൊട ശുശ്രൂഷകൾക്ക് മാർത്തോമാ സഭ കോട്ടയം - കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ റൈറ്റ് റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു.
റവ. ജോൺ മത്തായി ധ്യാനപ്രസംഗം നിർവഹിച്ചു. കോട്ടയം - കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ. സാംസൺ എം. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. അലക്സ് എബ്രഹാം എന്നിവർ ഉൾപ്പെടെയുള്ള പട്ടക്കാർ ശുശ്രൂഷകളിൽ സഹകാർമ്മികരായിരുന്നു.
പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. മാർത്തോമാ സഭയിലെയും ഇതര സഭകളിലെയും നിരവധി വൈദികരും, കന്യാസ്ത്രീകളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർ പട്ടംകൊട ശുശ്രൂഷയിൽ സംബന്ധിച്ചു.
കഴിഞ്ഞ മാസം 19 ന് ശെമ്മാശ് പട്ടം സ്വീകരിച്ച മുളയംവേലി എട്ടാനിക്കുഴിയിൽ ഷിബു പോളിന്റെയും ഷീബ ഷിബുവിന്റെയും മകനായ റവ. നിതിൻ പി. ഷിബു ജബൽപൂർ ലിയോനാർഡ് തിയോളജിക്കൽ കോളേജിൽ നിന്നാണ് വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ. സുനിൽ ജോർജ് മാത്യു, വൈസ് പ്രസിഡന്റ് പ്രസാദ് മാത്യു, സെക്രട്ടറി ജോബി ജോയി മാത്യു, ട്രസ്റ്റിമാരായ ചെറിയാൻ വർഗീസ്, ജോസഫ് ജോർജ് ആത്മായ ശുശ്രൂഷകരായ അരുൺ ജി. ജോസഫ്, അലൻ സാബു എന്നിവർ ഉൾപ്പെട്ട വിവിധ സബ് കമ്മിറ്റികൾ പട്ടംകൊട ശുശ്രൂഷകളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.