എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണം; മുഖ്യമന്ത്രിയെ സന്ദർശിച്ച് മാർ ക്ലീമിസ് ബാവ

എയ്ഡഡ് മേഖലയിലെ ഭിന്നശേഷി സംവരണ വിഷയത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് കെസിബിസി അധ്യക്ഷൻ മാർ ക്ലീമിസ് ബാവ. വിഷയത്തിൽ നിയമപദേശം തേടി ഉടൻ പരിഹാരമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ചർച്ച പോസിറ്റീവ് ആയിരുന്നുവെന്നും മാർ ക്ലീമിസ് ബാവ പ്രതികരിച്ചു. വിദ്യാഭ്യസ മന്ത്രിയു വി ശിവൻകുട്ടിയുമായി നാളെ കൂടിക്കാഴ്ച നടത്തും.
ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്നത് സുപ്രിംകോടതിയുടെ വിധിയാണ്. ഇത് നടപ്പാക്കുക മാത്രമേ സർക്കാരിന് കഴിയൂ. അതേസമയം ക്രിസ്ത്യൻ മാനേജ്മെൻറുകൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും സർക്കാരിനോട് ഭീഷണി വേണ്ടെന്നുമുള്ള മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്.
വിദ്യാഭ്യാസ മന്ത്രി നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. ക്രൈസ്തവ മാനേജ്‌മെന്റുകളെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവനയെന്ന് സീറോ മലബാർ സഭ കുറ്റപ്പെടുത്തി. വസ്തുതാ വിരുദ്ധവും, ബാലിശവും അവതാനത ഇല്ലാത്തതുമായ പ്രസ്താവനകളാണ് മന്ത്രി ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത് അധ്യാപകർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വേണ്ടവിധം പഠിച്ചിട്ടില്ല എന്നുള്ളതിന്റെ ഉദാഹരണമാണിതെന്ന് സീറോ മലബാർ സഭ വിമർശിച്ചു.