'ലീഗ് ഭരണത്തിലാണ് മതസ്പർദ്ധ വർദ്ധിച്ചത്'; മുസ്ലിം ലീഗിനെതിരെ കടുത്ത ആരോപണവുമായി കുമ്മനം രാജശേഖരൻ
 

 
kummanam

തിരുവനന്തപുരം :മുസ്ലിംലീഗാണ് കേരളത്തിൽ മതേതര ചേരിയെ ശക്തിപ്പെടുത്തിയത് എന്ന വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയുംപ്രസ്താവനകൾ വസ്തുതാവിരുദ്ധവും വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതുമാണ് എന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരൻ .

​കേരളത്തിൽ വർഗ്ഗീയവിദ്വേഷവും മതസ്പർദ്ധയും വർദ്ധിച്ചിട്ടുള്ളത് മുസ്ലിംലീഗ് ഭരണത്തിലുള്ള സന്ദർഭങ്ങളിലാണ്. മാറാട് കൂട്ടക്കൊല, പൂന്തുറ വർഗ്ഗീയ കലാപം തുടങ്ങി ജനമനസ്സാക്ഷിയെ ഞെട്ടിച്ച വർഗീയ സംഘട്ടനങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുള്ള ജുഡീഷ്യൽ കമ്മീഷനുകളെല്ലാം ലീഗിനെ കുറ്റപ്പെടുത്തിയിട്ടുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2003ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി നിയമസഭയിൽ നൽകിയ മറുപടിയിലും ലീഗിന്റെ പങ്കാളിത്തം വ്യക്തമാക്കിയിരുന്നു.

​കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വർഗ്ഗീയ  വിദ്വേഷ  പ്രചരണത്തിലൂടെയാണ്  കോൺഗ്രസും ലീഗും വോട്ട് പിടിച്ചത്. മതമാണ് പ്രശ്നമെന്നും  കഴിഞ്ഞ 10 വർഷം നഷ്ടപ്പെട്ടത് മുസ്ലിങ്ങൾ പിടിച്ചെടുക്കുമെന്നുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ വർഗ്ഗീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉയർന്ന മുദ്രാവാക്യങ്ങൾ കേരളത്തിന്റെ മതേതര ഹൃദയം തകർക്കാൻ പോന്നതായിരുന്നു.

ആടിന്റെ   തലവെട്ടിയെടുത്ത് പ്രകടനം നടത്തിയതും തൊടുപുഴയിൽ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കുമെതിരെ അപകീർത്തികരമായ മുദ്രാവാക്യങ്ങൾ വിളിച്ചതും വരും കാലങ്ങളിൽ മുസ്ലിംലീഗ് നടത്താൻ പോകുന്ന വർഗ്ഗീയ ഭരണത്തിന്റെ സൂചനകളാണ്.
​ഈ സാഹചര്യത്തിൽ മുസ്ലിംലീഗ് ഇല്ലെങ്കിൽ കേരളത്തിൽ മതേതരത്വം ഉണ്ടാവില്ലെന്ന  വി.ഡി. സതീശന്റെ അവകാശവാദം വസ്തുതാപരമല്ല. നിലവിൽ സംജാതമായിട്ടുള്ള ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾ ഭാവികേരളത്തിന് വളരെയേറെ ദോഷം ചെയ്യുമെന്നതിൽ സംശയമില്ല എന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി

Tags

Share this story

From Around the Web