നിപയിൽ ആശ്വാസം; പാലക്കാട്ട് സമ്പർക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

 
nipa

പാലക്കാട്: പാലക്കാട്ട് നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ്. രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്.പൂനെ വൈറോളജി ലാബിലേക്കും ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം, നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്കാണ് യുവതിയെ മാറ്റിയത്. പോർട്ടബിൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ ആണ് അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ കോളേജിലേക്ക് എത്തിച്ചത്.

കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട്ടെ 87 പേരും ആരോഗ്യപ്രവർത്തകരാണ്. നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Tags

Share this story

From Around the Web