തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം, താൽപര്യമുണ്ടെങ്കില്‍ സുരേഷ്‌ഗോപിക്ക് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാം

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കപ്പെട്ടെന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാൻ തയാറാകണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അറുപതിനായിരത്തോളം കള്ളവോട്ടുകളാണ് മണ്ഡലത്തിൽ ചേർക്കപ്പെട്ടിരിക്കുന്നത്.
സുരേഷ് ഗോപിക്കെതിരെ നിൽക്കുന്ന ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുതന്നെയാണ് ഈ വിവരം പുറത്തുവരുന്നത്. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാനാകാതെ സുരേഷ് ഗോപി ഭയന്നു നടക്കുകയാണ്. സത്യസന്ധമായ വോട്ടർ പട്ടിക തയാറാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ശിവൻകുട്ടി പറഞ്ഞു.
“തൃശൂരിൽ വ്യാപകമായി കള്ളവോട്ടുകൾ ചേർക്കുന്നുവെന്ന് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പരാതിയുണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിൽ വോട്ടുകൾ ഇത്തരത്തിൽ ചേർന്നുവെന്നാണ് സുരേഷ് ഗോപിക്കെതിരെ നിൽക്കുന്ന ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുതന്നെ പുറത്തുവരുന്ന വിവരം. ഒരു ഫ്ളാറ്റിൽനിന്നുതന്നെ എട്ടുമുതൽ 15 വോട്ടുകൾ വരെ വരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും ഒരു തെരഞ്ഞെടുപ്പ് നടത്തണം. സത്യസന്ധമായ വോട്ടർ പട്ടിക തയാറാക്കണം.
സുരേഷ് ഗോപി മൗനം തുടരുകയാണ്. ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളിൽ സത്യസന്ധമായ മറുപടി നൽകാൻ അദ്ദേഹത്തിനാകില്ല. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാനാകാതെ ഭയന്നു നടക്കുകയാണ് അദ്ദേഹം. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇതിന്‍റെ ഉത്തരവാദിത്തമേറ്റ് മാന്യമായി രാജിവെച്ച് മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാൻ അദ്ദേഹം തയാറാകണം” -മന്ത്രി പറഞ്ഞു.