വേടന്റെയും ഗൗരിയുടെയും പാട്ടുകള്‍ നീക്കാനുള്ള ശുപാർശ: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയെന്ന് വി. ശിവന്‍കുട്ടി

കാലിക്കറ്റ് സർവകലാശാല സിലബസില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയില്‍ ശക്തമായി അപലപിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് ശിവന്‍കുട്ടി ആരോപിച്ചു.
അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്‍പ്പര്യങ്ങൾക്ക് ഗുണകരമാകില്ലെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണം എന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് വിസി വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. സർവകലാശാല പഠന വകുപ്പ് മുൻ മേധാവി എം.എം. ബഷീറിൻ്റെ നേതൃത്വത്തിലായിരുന്നു വിദഗ്‌ധ സമിതി.
വേടൻ്റെ പാട്ടിന് വൈകാരിക സങ്കൽപ്പങ്ങൾക്ക് അപ്പുറം ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മക സങ്കൽപ്പങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ടിലെ നിരീക്ഷണം. ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ മാധവ' ദൃശ്യവിഷ്‌കാരം സിലബസിൽ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം പരിധിക്കപ്പുറമെന്ന് കാണിച്ചാണ് ഒഴിവാക്കാനുള്ള നിർദേശം.