ഒക്ടോബർ മാസത്തിൽ ലോകസമാധാനത്തിനായി ദിവസവും ജപമാല ചൊല്ലുക: ലെയോ പതിനാലാമൻ പാപ്പ

ഈ ഒക്ടോബർ മാസത്തിൽ ലോകസമാധാനത്തിനായി ദിവസവും ജപമാല ചൊല്ലാനും ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിന്റെ വിശ്വസ്ത ഉപകരണങ്ങളാകാനും ലെയോ പതിനാലാമൻ മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒക്ടോബർ ഒന്ന് ബുധനാഴ്ച രാവിലെ വത്തിക്കാനിൽ നടന്ന പൊതുസമ്മേളനത്തിൽ വിവിധ ഭാഷാസമൂഹങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പ.
“ജപമാല മാസമായ ഒക്ടോബർ ആരംഭിക്കുമ്പോൾ, ലോകത്തിൽ സമാധാനത്തിനായി എല്ലാ ദിവസവും ജപമാല ചൊല്ലാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ അനുരഞ്ജനത്തിന്റെ വിശ്വസ്ത ഉപകരണങ്ങളാകട്ടെ. സ്നേഹവും ക്ഷമയും എല്ലാ മുറിവുകളേക്കാളും വലുതും എല്ലാ അനീതികളേക്കാളും ശക്തവുമാണെന്ന് സാക്ഷ്യം വഹിക്കാൻ ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നു” – പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
പോർച്ചുഗീസ് സംസാരിക്കുന്ന വിശ്വാസികളോട് “സമാധാനത്തിന്റെയും കാരുണ്യത്തിന്റെയും മിഷനറിമാരാകാനും” ഫ്രഞ്ച് സംസാരിക്കുന്ന വിശ്വാസികളോട് “നമ്മുടെ പരാജയങ്ങളെക്കാളും ഭിന്നതകളെക്കാളും വലിയ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സാക്ഷികളാകാനും” പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.