ബലാത്സംഗ കേസ്: വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

 
vedan

കൊച്ചി: ബലാത്സംഗ കേസിൽ റാപ്പര്‍ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതൽ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയുടെ അഭിഭാഷക സമയം നീട്ടി ചോദിച്ചതിനെത്തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

വേടനെ ഹർജി പരി​ഗണിക്കുന്ന തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിനും കോടതി നിര്‍ദേശം നൽകിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് വേടന്‍ പിന്‍മാറിയെന്ന വാദം പരാതിക്കാരി കോടതിയിൽ ആവര്‍ത്തിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എന്നതു കൊണ്ടു മാത്രം അതില്‍ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ ഇവരെ വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുന്നാണ് പരാതി. ഇൻസ്റ്റാഗ്രാമിലൂടെയാണ് വേടൻ യുവ ഡോക്ടറെ പരിചയപ്പെട്ടത്. തുടർന്ന് കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിലെത്തി ബലാൽസംഗം ചെയ്തു എന്നാണ് പരാതി. അതേസമയം വേടൻ ഒളിവിലാണെന്നും, കണ്ടെത്താനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.

Tags

Share this story

From Around the Web