ബലാത്സംഗക്കേസ്, രാഹുലിനെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും, പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷ
പത്തനംതിട്ട:ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി രാഹുലിനെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ എത്തിച്ച ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപെടുന്നത്. പ്രതിഭാഗം ജാമ്യ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചശേഷമാകും ഹരജി പരിഗണിക്കുക. വലിയ സുരക്ഷ ഒരുക്കിയാകും പൊലീസ് രാഹുലിനെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ നിന്നും കോടതിയിൽ ഹാജരാക്കുക.
ക്രൂരമായി ബലാത്സംഗം ചെയ്തെന്നും ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്നുമാണ് യുവതിയുടെ പരാതി. പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് കഴിഞ്ഞദിവസം അർധരാത്രി 12.30ഓടെ പൊലീസ് സംഘം പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.