ദിവസം മാറിയാലും യാത്രമുടക്കേണ്ട, പുതിയ മാറ്റവുമായി റെയിൽവേ

ട്രെയിനിൽ യാത്ര ചെയ്യുന്നവരായിക്കും നമ്മളിൽ മിക്ക ആളുകളും. ചില അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ കാരണം യാത്രകള്‍ മുടങ്ങിപ്പോകാറും പതിവല്ലേ. അതുപോലെ തന്നെ ചിലപ്പോള്‍ മറ്റൊരു ഡേറ്റിലേക്ക് യാത്ര മാറ്റിവെക്കേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. യാത്രക്കാരുടെ ഇത്തരം പ്രതിസന്ധികൾക്ക് ഒരു പരിഹാരം റെയിൽവേ കൊണ്ടുവന്ന കാര്യം നിങ്ങളിറിഞ്ഞോ?
അത്തരം പ്രതിസന്ധികളിൽ ബുക്ക് ചെയ്ത ടിക്കറ്റിലെ പേരോ സമയമോ നമുക്ക് മാറ്റാൻ കഴിയും. അതിനായി ചില നിബന്ധനകള്‍ പാലിച്ചാൽ മാത്രം മതി. അടുത്ത കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് നമുക്ക് ടിക്കറ്റ് കൈമാറാൻ കഴിയുക.
നിയമപ്രകാരം,യാത്രയ്ക്ക് ഒരു മണിക്കൂർ മുമ്പെങ്കിലും പേര് മാറ്റാനുള്ള അഭ്യർത്ഥന നടത്തിയിരിക്കണം. ഒരു ടിക്കറ്റിൽ ഒരിക്കൽ മാത്രമേ പേര് മാറ്റാൻ അനുവാദമുള്ളു. ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലോ ആർഎസി സ്റ്റാറ്റസിലോ ആണെങ്കിൽ പേര് മാറ്റാൻ കഴിയില്ല.
ടിക്കറ്റിലെ പേര് മാറ്റണമെങ്കിൽ ഓൺലൈൻ ആയി നമുക്ക് ചെയ്യാൻ കഴിയില്ല. ടിക്കറ്റ് ഓൺലൈനോ ഓഫ് ലൈനായോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ പോലും പേര് മാറ്റണമെങ്കിൽ യാത്രക്കാരൻ റെയിൽവേ റിസർവേഷൻ കൗണ്ടറിൽ പോകേണ്ടതുണ്ട്. പുതിയ യാത്രക്കാരനെ ചേർക്കുന്നതിനായി പേര് മാറ്റാനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ കൗണ്ടറിൽ ടിക്കറ്റിന്റെ പ്രിന്റൗട്ട് നൽകേണ്ടതുമുണ്ട്.
യാത്രമുടങ്ങിപ്പോയ ആളിന്റേയും പുതിയ യാത്രക്കാരന്റെയും ഫോട്ടോയോടുകൂടിയ ആധാർ കാർഡ്,പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി പോലുള്ള തിരിച്ചറിയൽ രേഖകളും സമർപ്പിക്കുകയാണെങ്കിൽ ടിക്കറ്റിലെ പേര് മാറ്റാൻ കഴിയും.
ടിക്കറ്റുകളിലെ യാത്ര ചെയ്യുന്ന ഡേറ്റു മാറ്റാൻ സാധിക്കും.പക്ഷെ ഓൺലൈൻ ടിക്കറ്റുകൾക്ക് ഇത് സാധ്യമല്ല. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പെങ്കിലും റിസർവേഷൻ കൗണ്ടറിൽ എത്തിയാൽ മാത്രമാണ് ഡേറ്റ് മാറ്റാൻ കഴിയുക.
ഒറിജിനൽ ടിക്കറ്റും കൂടെ ഡേറ്റ് മാറ്റാനുള്ള അപേക്ഷയും നൽകണം. ശേഷം യാത്ര ചെയ്യാനുള്ള പുതിയ ഡേറ്റും നൽകണം. ഈ ക്രമീകരണങ്ങൾ നടത്തിയാൽ പുതിയ ഡേറ്റിലുള്ള ടിക്കറ്റ് ലഭിക്കും. ആർഎസി ടിക്കറ്റുകൾക്കും കൺഫേം ടിക്കറ്റുകൾക്കും മാത്രമാണ് ഡേറ്റ് മാറ്റാൻ കഴിയുക.