രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം: ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ ബുദ്ധിമുട്ടുകള്‍ മനസിലാകൂ- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനു നേരെ പ്രതികരിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്കു നേരെ സൈബര്‍ ആക്രമണം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രമേശ് പിഷാരടിയുടെ പ്രതികരണത്തെ വിമര്‍ശിച്ചായിരുന്നു നീതു വിജയന്‍ പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം.
സൈബര്‍ ആക്രമണം നടത്തിയാല്‍ പേടിച്ച് അടുക്കളയില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് നീതു വിജയന്‍ പ്രതികരിച്ചു. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങള്‍ക്കെതിരെയാണ് താന്‍ പ്രതികരിച്ചത്. അത് എഴുതുമ്പോള്‍ തന്നെ സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നുവെന്നും നീതു വിജയന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ രാഹുല്‍ മങ്കൂട്ടവുമായി ബന്ധപ്പെട്ട് പാര്‍ട്ടി എടുത്ത തീരുമാനത്തിന് വിരുദ്ധമായി രമേശ് പിഷാരടി പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരെ ഞാന്‍ ഒരു അഭിപ്രായം പറഞ്ഞിരുന്നു. അത് എഴുതുമ്പോള്‍ തന്നെ എനിയ്ക്ക് അറിയാമായിരുന്നു കടന്നല്‍ കൂട്ടത്തില്‍ കല്ലെറിയുകയാണെന്ന്. പക്ഷേ, ചിലത് പറയേണ്ട സമയത്ത് പറഞ്ഞേ മതിയാവുകയുള്ളൂ.
ആ പോസ്റ്റില്‍ വന്ന് അനുകൂലമായും പ്രതികൂലമായും അഭിപ്രായം പറഞ്ഞവരുണ്ട്. അതില്‍ ചിലര്‍ സ്വന്തം പേരോ തന്തയുടെ പേരോ ഉള്ളവരല്ല. ചിലര്‍ സ്വന്തം വിലാസം പുറത്ത് അറിയിക്കാതെ പോരാടുന്നവരാണ്. ഈ രണ്ട് തെമ്മാടിക്കൂട്ടങ്ങളെയും അവജ്ഞയോടെ തള്ളിക്കളയുന്നു. നിങ്ങള്‍ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തി എന്ന് വിചാരിച്ച് പേടിച്ച് അടുക്കളയില്‍ ഒതുങ്ങുന്ന പ്രകൃതമല്ല എന്റേത്. അത് കൊണ്ട് തന്നെ എഴുതിയ അഭിപ്രായത്തില്‍ ഒരല്പവും പിന്നോട്ട് പോകാനും തയ്യാറല്ല.
എന്നാല്‍ ചിലര്‍ ഗൗരവമായി പറഞ്ഞവരാണ്. അവരറിയാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നത്. എന്റെ പേര് Neethu Vijayan . എന്റെ സംഘടന പാരമ്പര്യം ചിലപ്പോള്‍ ഈ പേജില്‍ കാണില്ല. ഫേസ്ബുക് ഗ്രാഫ് മാത്രം നോക്കി രാഷ്ട്രീയം അളക്കുന്നവരോട് അവരുടെ അറിവിലേക്കായി പറയുന്നു. കേവലം ഫേസ്ബുക് രാഷ്ട്രീയം മാത്രം നടത്തുന്ന പ്രവര്‍ത്തനമല്ല എന്റേത്. അപ്പോള്‍ ലൈക്കിന്റെയും കമന്റിന്റെയും എണ്ണം കുറഞ്ഞെന്ന് വരാം.
ജഗതി വാര്‍ഡില്‍ ഡഉഎ നെ പ്രതിനിധീകരിച്ച് കോര്‍പറേഷന്‍ ഇലക്ഷനില്‍ മത്സരിക്കുകയും, തുടര്‍ച്ചയായി എട്ട് വര്‍ഷം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയായും യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജനറല്‍ സെക്രട്ടറിയായുമുള്ള ചെറിയ പ്രവര്‍ത്തന പരിചയമേ എനിക്കുള്ളൂ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനം ഇപ്പോഴുള്ളതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പോസ്റ്റിടേണ്ടി വന്നത്. പ്രസ്ഥാനം ഒരു തീരുമാനം എടുക്കുമ്പോള്‍ അതിനെതിരെ അഭിപ്രായം പറയുന്നവര്‍ക്കുനേരെ ഇനിയും പ്രതികരിച്ചെന്നിരിക്കും. എന്റെ പോസ്റ്റിനു താഴെ വന്ന് മോശം കമന്റ് ചെയ്യുന്ന വനിതകളുടെ ചേതോവികാരം എന്താണെന്ന് മനസ്സിലാകുന്നില്ല.
വീണ കുന്നപ്പള്ളി എന്ന ഒരു വനിത എഴുതിയത് ശ്രദ്ധയില്‍പെട്ടു. എനിയ്ക്ക് രാഹുലിനെ 9 ലക്ഷം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ മാത്രമേ അറിയുകയുള്ളൂ. അത് കൊണ്ട് ഈ അംഗങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ നിഷേധിക്കണം എന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.
സാധാരണക്കാരായ ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ ഈ പ്രശ്‌നവുമായുണ്ടായ ബുദ്ധിമുട്ടുകള്‍ എന്തെന്ന് മനസ്സിലാവുകയുള്ളു. വ്യക്തിതാല്പര്യങ്ങള്‍ക്ക് മുകളില്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കാണ് ഞാന്‍ മുന്‍ഗണന കൊടുക്കുന്നത്. പാര്‍ട്ടിയ്ക്ക് ഈ കാര്യങ്ങളില്‍ വ്യക്തമായ ബോധ്യമുണ്ടെന്നു എനിക്കുറപ്പുണ്ട്. നിങ്ങള്‍ക്കങ്ങനെയല്ലായിരിക്കാം.
കമന്റ് ബോക്‌സ് കാണുമ്പോള്‍ പിന്നെ മനസ്സിലാകുന്നത്, ഇവരൊക്കെ തന്നെയാണ് ഉമ്മന്‍ ചാണ്ടിയെയും, രമേശ് ചെന്നിത്തലയെയും, സുധാകരനെയും ഇപ്പോള്‍ വി ഡി സതീശനെയും പല ഘട്ടങ്ങളിലായി തെറി വിളിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ ഉദ്ദേശം എങ്ങനെയെങ്കിലും ആരെങ്കിലും രാഹുലിനെതിരെ ഒന്ന് പോലീസില്‍ പരാതി നല്‍കിയാല്‍ നന്നായിരുന്നു എന്ന തരത്തില്‍ പ്രകോപനം സൃഷ്ടിക്കലാണ്. ഇതൊക്കെ വായിക്കുന്നവര്‍ക്ക് മനസിലാകും എന്ന് നിങ്ങള്‍ മറക്കരുത്.
എന്തായാലും ഈ സൈബര്‍ അറ്റാക്ക് കണ്ട് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച കോണ്‍ഗ്രസ്സിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന ജില്ലാ പ്രാദേശിക നേതാക്കള്‍ക്ക് എല്ലാം നന്ദി അറിയിക്കുന്നു. ഇനിയും പ്രതികരിക്കേണ്ട വിഷയങ്ങളില്‍ പ്രതികരിക്കുക തന്നെ ചെയ്യും. എ സി റൂമില്‍ ഇരുന്ന് തെറി വിളിക്കാനുള്ളവര്‍ ആ പണി തുടര്‍ന്ന് തന്നെപോകണം. നിങ്ങളുടെ ജീവിത മാര്‍ഗ്ഗം അല്ലെ അത്. അത് കളയണ്ട.