രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; രണ്ടാമത്തെ പീഡന കേസിലും മുൻകൂർ ജാമ്യം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് രണ്ടാം ബലാത്സംഗ കേസിലും മുൻകൂർ ജാമ്യം. തിരുവനന്തപുരം വഞ്ചിയൂരിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം അനുവദിച്ചുകൊണ്ട് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഡിസംബർ 3 ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഇമെയിൽ വഴി ലഭിച്ച 23 കാരിയുടെ പരാതി, ഡിജിപിക്ക് കൈമാറിയതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് എംഎൽഎയ്‌ക്കെതിരെ രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 65 (ബലാത്സംഗം) പ്രകാരമാണ് കേസെടുത്തത്. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ വെച്ച് മലയാളിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. മാങ്കൂട്ടത്തിൽ തന്നെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു സ്ത്രീ നൽകിയ പരാതിയിൽ നേമം പോലീസ് രാഹുലിനെതിരെ നവംബർ 28ന് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
രണ്ട് ബലാത്സംഗ കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാഴ്ചയോളമായി ഒളിവിലാണ്. അയൽ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നവംബർ 28 മുതൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്.