രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം: കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറി ജഡ്ജി
ന്യൂഡൽഹി/ലഖ്‌നൗ: ഇരട്ട പൗരത്വാരോപണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. ഹർജിക്കാരനായ ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ സോഷ്യൽ മീഡിയയിൽ കോടതിയെ പരിഹസിച്ച് കുറിപ്പുകൾ പങ്കുവെച്ചതാണ് ജഡ്ജിയെ പിന്മാറാൻ പ്രേരിപ്പിച്ചത്.
ഹർജിക്കാരന് ഈ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹത്തിന്റെ സന്ദേശങ്ങൾ സൂചിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി നിരീക്ഷിച്ചു. "സോഷ്യൽ മീഡിയയിലെ കുറിപ്പുകൾ കോടതിക്കെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഈ കേസ് ഇനിമേൽ കേൾക്കുന്നത് ഉചിതമല്ല," എന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ട ഹർജിക്കാരൻ, കോടതിയെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും ഇന്ത്യയിലെ നിയമങ്ങൾ ലംഘിച്ചെന്നുമാണ് കർണാടക സ്വദേശിയായ വിഘ്‌നേഷ് ശിശിർ ആരോപിക്കുന്നത്.
2003-ൽ ബ്രിട്ടനിൽ രാഹുൽ ഗാന്ധി രൂപീകരിച്ച 'ബാക്കോപ്‌സ് ലിമിറ്റഡ്' എന്ന കമ്പനിയുടെ രേഖകളിൽ അദ്ദേഹം തന്റെ ദേശീയത ബ്രിട്ടീഷ് ആണെന്ന് രേഖപ്പെടുത്തിയതായാണ് ഹർജിയിലെ വാദം. ഔദ്യോഗിക രഹസ്യ നിയമം, പാസ്‌പോർട്ട് ആക്ട് എന്നിവ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
രാഹുലിനെതിരെ കേസെടുക്കുന്നതിലെ നിയമവശങ്ങൾ പരിശോധിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. തുറന്ന കോടതിയിൽ ഉത്തരവ് പറയുന്നതിന് മുമ്പ് പ്രതിഭാഗത്തിന് നോട്ടീസ് നൽകണമെന്ന സുപ്രീം കോടതി വിധി ശ്രദ്ധയിൽപ്പെട്ടതോടെയാണ് കോടതി നോട്ടീസ് അയക്കാൻ തീരുമാനിച്ചത്.
എന്നാൽ ഈ നടപടി വൈകിപ്പിക്കാനാണ് കോടതി ശ്രമിക്കുന്നത് എന്ന് ഹർജിക്കാരൻ സോഷ്യൽ മീഡിയയിലൂടെ ആരോപിക്കുകയായിരുന്നു. കേസ് ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. റായ്ബറേലിയിലെ എംപി/എംഎൽഎ കോടതിയിലായിരുന്ന പരാതി ഹർജിക്കാരന്റെ ആവശ്യപ്രകാരമാണ് ലഖ്‌നൗവിലേക്ക് മാറ്റിയത്.