രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഇൻഡ്യാ സഖ്യത്തെ ദോഷകരമായി ബാധിച്ചു, നിലപാടിൽ സ്ഥിരത വേണം: സിപിഐ
 

 
2222

തങ്ങളുടെ സ്ഥാനാര്‍ത്ഥിക്കെതിരെ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രതിപക്ഷ കൂട്ടായ്മയെ ദോഷകരമായി ബാധിച്ചെന്ന് സിപിഐ കരട് രാഷ്ട്രീയ പ്രമേയം.

സെപ്തംബര്‍ 21 മുതല്‍ 25 വരെ നടക്കാനിരിക്കുന്ന സിപിഐ കോണ്‍ഗ്രസിന് തൊട്ടുമുമ്പ് പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇൻഡ്യാ ബ്ലോക്കിന്‍റെ വിജയം പരിമിതപ്പെടുത്തിയത് പ്രത്യയശാസ്തപരമായ അസ്ഥിരത കാരണമാണെന്നും സിപിഐ വിമർശിച്ചു.ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റേയും ബിജെപിയുടെ വിഭാഗീയ രാഷ്ട്രീയത്തെ ചെറുക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ് ഇന്‍ഡ്യാ സഖ്യത്തിലെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ ഭിന്നത പരിഹരിക്കുന്നതിനായി സിപിഐ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ അടിവരയിടുന്നു.

സീറ്റ് വിഭജനം ചര്‍ച്ചകള്‍ ഇന്‍ഡ്യാ സഖ്യത്തില്‍ പരസ്യമായ തര്‍ക്ക വിഷയമായിരുന്നു. പ്രാദേശിക അടിത്തറയും നേതൃത്വ അഭിലാഷങ്ങളും സംരക്ഷിച്ചുകൊണ്ട് പല ഘടകകക്ഷികളും സീറ്റിനായി ദീര്‍ഘമായ വിലപേശലുകളില്‍ ഏര്‍പ്പെട്ടു. സുഗമവും യോജിച്ചതുമായ ഒരു പ്രചാരണത്തിന് വഴിയൊരുക്കിയില്ലെന്നും കരട് രാഷ്ട്രീയ പ്രമേയത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ഉദാഹരണങ്ങളില്‍ നിന്നും പാഠം പഠിക്കണം. ഇന്ത്യാ ബ്ലോക്കിലെ പ്രധാനപ്പെട്ട ഘടകവും രാജ്യവ്യാപക പാര്‍ട്ടിയുമായ കോണ്‍ഗ്രസ് മതേതരത്വം, ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിലെ നിലപാടില്‍ സ്ഥിരത പാലിക്കണം.

സമകാലിക സാഹചര്യത്തില്‍ പ്രത്യയശാസ്ത്രത്തിലെ വ്യക്തത അനിവാര്യമാണെന്നും രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ചണ്ഡീഗഡിലാണ് സിപിഐയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. 64 പേജുള്ള കരട് രാഷ്ട്രീയ പ്രമേയം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ഡി രാജയാണ് റിലീസ് പുറത്തിറക്കിയത്.

Tags

Share this story

From Around the Web