കണ്ണൂർ രൂപതാ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം; ബിഷപ്പ് ഹൗസിലേക്ക് ഇടവക അംഗങ്ങളുടെ മാർച്ച്, പാരിഷ് കൗൺസിലിന്റെ പോലും അറിവില്ലാതെ ഭൂമി ദാനം ചെയ്തതെന്നാണ് പരാതി

കണ്ണൂർ രൂപതാ ഇടവക അംഗങ്ങൾ. ഇടവകയുടെ ഭൂമി വിശ്വാസികൾ അറിയാതെ രൂപതാ നേതൃത്വം രഹസ്യമായി ദാനം ചെയ്തെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ കണ്ണൂർ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി.
വെള്ളിക്കീൽ സെയിന്റ് തോമസ് ദേവാലയ പരിധിയിലുള്ള 10 സെന്റ് ഭൂമി വില്ലേജ് ഓഫീസ് നിർമാണത്തിന് കണ്ണൂർ രൂപത ദാനം ചെയ്തുവെന്ന വാർത്തക്ക് പിന്നാലെയാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദേവാലയവുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ ഒരു കാര്യത്തിലും ശ്രദ്ധിക്കാത്ത രൂപതാ നേതൃത്വം തങ്ങളുടെ അറിവില്ലാതെ ഇടവകയുടെ പരിധിയിലെ ഭൂമി വില്ലേജ് ഓഫീസ് നിർമാണത്തിന് സൗജന്യമായി വിട്ടു നൽകിയെന്നാണ് പരാതി. പാരിഷ് കൗൺസിലിന്റെ പോലും അറിവില്ലാതെയാണ് ഭൂമി ദാനം ചെയ്തതെന്ന് ആക്ഷൻ കൗൺസിൽ പറയുന്നു.
നേരത്തെ പട്ടുവത്ത് റോഡ് വികസനത്തിനടക്കം ഇടവക അംഗങ്ങൾ ഭൂമി വിട്ടുനൽകിയതാണെന്നും വികസനത്തിന് എതിരല്ല തങ്ങളെന്നും ഇവർ പറയുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പ്രതിഷേധമെന്നാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നത്.
പട്ടുവം-വെള്ളിക്കീൽ ഇടവകകളിലെ വിശ്വാസികൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിലാണ് സമരത്തിന് നേതൃത്വം നൽകുന്നത്.