പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
കോട്ടയം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു. 68 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ തിരുവനന്തപുരത്ത് വച്ചാണ് ഡിജോ കാപ്പന് വാഹനാപകടമുണ്ടാകുന്നത്. ശേഷം ആറ് മാസത്തോളം ആശുപത്രി വാസമായിരുന്നു. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡിജോ കാപ്പൻ.
1990കൾ മുതൽ കേരള കോൺഗ്രസിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് ഡിജോ കാപ്പൻ. എന്നാൽ, 1998ൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് പൊതുപ്രവർത്തകൻ എന്ന നിലയിൽ വളരെ സജീവമായി കേരളത്തിൻ്റെ പല ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. പൗരാവകാശത്തിന് വേണ്ടി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു.
പൊതുഗതാഗതം ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ഉപഭോക്ത്യ ആവശ്യങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള അദ്ദേഹം കോടതിയിൽ പോകുകയും പൊതുകാര്യങ്ങൾക്ക് വേണ്ടി അനുകൂലമായ ഉത്തരവ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്.