വഖഫ് നിയമത്തിനെതിരായ പ്രതിഷേധം; കലാപഭൂമിയായി പശ്ചിമബംഗാൾ, ഗ്രാമങ്ങളിൽ കൂട്ടപലായനം

ഒരായുസ്സ് കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളെല്ലാം ഇട്ടെറിഞ്ഞ കൂട്ടപലായനത്തിലാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ഗ്രാമങ്ങൾ. വഖഫ് നിയമഭേദഗതിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങൾ കലാപമായി മാറിയതോടെയാണ് പലർക്കും സ്വന്തം വീടും നാടും ഉപേക്ഷിച്ച് ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നത്.
സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ അഭയാർഥി ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പർലാൽപൂരിലെ ഒരു ഹൈസ്കൂൾ കെട്ടിടത്തിൽ പ്രവ്യത്തിക്കുന്ന ക്യാമ്പാണ് ഇതിൽ ഏറ്റവും വലിയത്. നാനൂറിലധികം പേരാണ് ഇവിടെ മാത്രം തങ്ങുന്നത്. സ്വന്തം വീട്ടിലേക്ക് എന്ന് മടങ്ങിയെത്താമെന്ന് ക്യാമ്പിൽ താമസിക്കുന്ന ആർക്കും അറിയില്ല. സങ്കടവും നിരാശയും കലർന്ന മുഖങ്ങളാണ് എല്ലാ ക്യാമ്പുകളിലും കാണാനാകുന്നത്.
എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് പർലാൽപൂർ സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന സപ്തമി മൊണ്ടേൽ പറഞ്ഞു. എട്ട് ദിവസം മാത്രം പ്രായമുള്ള കുട്ടിയുമായാണ് സപ്തമി ക്യാമ്പിൽ എത്തിയത്. ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സപ്തമിയുടെ വീട്.
"വെള്ളിയാഴ്ച ആൾക്കൂട്ടം ഞങ്ങളുടെ അയൽക്കാരന്റെ വീടിന് തീയിട്ടു, ഞങ്ങളുടെ വീടിന് നേരെ കല്ലെറിഞ്ഞു. ഞാനും എൻറെ മാതാപിതാക്കളും വീടിനുള്ളിൽ ഒളിച്ചിരുന്നു. വൈകീട്ട് ആൾക്കൂട്ടം പോയികഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. അപ്പോഴേക്കും ബി.എസ്.എഫ് പട്രോളിംഗ് ആരംഭിച്ചിരുന്നു.ബി.എസ്.എഫ്.ഉദ്യോഗസ്ഥരാണ് ഞങ്ങളെ ക്യാമ്പിൽ എത്തിച്ചത്. ധരിച്ചിരിക്കുന്ന വസ്ത്രമല്ലാതെ ഒന്നും ഞങ്ങളുടെ കൈകളിലില്ല- സപ്തമി പറഞ്ഞു".
സംസ്ഥാനത്ത് ക്രമസമാധാനം വേഗം പുനസ്ഥാപിക്കുമെന്ന് ഭരണകൂടം അവകാശപ്പെടുമ്പോഴും പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തവർക്ക് ആ ശുഭാപ്തി വിശ്വാസമില്ല.
അതേസമയം, വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ സംഘർഷം ഉണ്ടാകുന്നത് തടയാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് കേന്ദ്രം, വിവിധ ഏജൻസികൾക്ക് നിർദേശം നൽകി. അതേസമയം ഭാങ്കറിൽ സംഘർഷം ഉണ്ടായി. പ്രതിഷേധക്കാർ കടകൾക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.