പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം; ആശംസകള്‍ നേര്‍ന്ന് ലോക നേതാക്കള്‍

 
modi

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനിച്ച പ്രഥമപ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടം മോദിക്ക് മാത്രം സ്വന്തം.

അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടി.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്.

2014-ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതു മുതല്‍ സാമ്പത്തിക-സാങ്കേതികപുരോഗതിയ്ക്കും അടിസ്ഥാനസൗകര്യവികസത്തിനും ദേശീയ സുരക്ഷയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കുന്ന വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്.

1950 സെപ്തംബര്‍ 17ല്‍ ഗുജറാത്തിലെ വഡ്‌നഗറില്‍ ജനിച്ച നരേന്ദ്ര ദാമോദര്‍ ദാസ് മോദി ആര്‍ എസ് എസ് പ്രവര്‍ത്തകനായാണ് പൊതുജീവിതം ആരംഭിച്ചത്.

പിറന്നാൾദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ധാർ ജില്ലയിൽ രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടും.

ടെക്സ്റ്റൈൽ കമ്പനികളിൽ നിന്നായി 23,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. അതേസമയം മോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ചലോ ജീത്തെ ഹെ അഞ്ഞൂറ് തിയറ്ററുകളിൽ ഇന്ന് വീണ്ടും റിലീസ് ചെയ്യും.

Tags

Share this story

From Around the Web