സ്വന്തം കൈകൾ കൊണ്ട് ദേവാലയം നിർമിച്ച് വൈദികൻ; അഞ്ച് വർഷം കൊണ്ട് പണി പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷ

ചിക്ക്ലായോ (പെറു): സ്വന്തം കൈകൾ കൊണ്ട് ദേവാലയം പണിയുന്ന അപൂർവ മാതൃക ഒരുക്കി ലിയോ പതിനാലമൻ മാര്‍പാപ്പ മെത്രാനായിരുന്ന പെറുവിലെ ചിക്ക്ലായോ രൂപതയിലെ ഫാ. ഹാവിയർ കാജുസോൾ വിലെഗാസ്. സാമ്പത്തികവും തൊഴിലാളി ക്ഷാമവും നേരിടുന്ന പ്രദേശത്ത് പുരോഹിതൻ കട്ട, സിമന്റ്, ഇഷ്ടിക എല്ലാം നേരിട്ട് കൈകാര്യം ചെയ്ത് നിർമാണം നടത്തുകയാണ്.
ഫാ. ഹാവിയർ ദിവസവും രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ ദേവാലയ നിർമാണത്തിൽ പങ്കാളിയാകും. ഏകദേശം നാലു മുതൽ അഞ്ചു വർഷത്തിനകം പള്ളി പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
പള്ളി നിർമാണത്തിനായി ഇതിനകം അര മില്യൺ പെറുവിയൻ സോൾ (ഏകദേശം 1.43 ലക്ഷം യുഎസ് ഡോളർ) ചെലവഴിച്ചു. അൾത്താര, സജ്ജീകരണങ്ങൾ, സൗണ്ട് സിസ്റ്റം തുടങ്ങിയവക്കായി ഇതിന് തുല്യമായ തുക കൂടി വേണമെന്നാണ് കണക്കാക്കുന്നത്.
പള്ളിയ്ക്ക് ചുറ്റുമുള്ള പ്രദേശം ഗുണ്ടാസംഘങ്ങളുടെ ആക്രമണം, കൊള്ള, അഴിമതി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ജനങ്ങളോടൊപ്പം നിന്നുകൊണ്ടാണ് അദേഹം സേവനം തുടരുന്നത്. പ്രദേശ വാസികൾ ദിവസവും ഭക്ഷണം നൽകി നിർമാണത്തിനും സഹായം നൽകുന്നുണ്ട്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി പൗരോഹിത്യ ശുശ്രൂഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഫാ. ജാവിയര്‍ കാജുസോള്‍ വ്യക്തമാക്കി. ദാരിദ്ര്യവും കുറ്റകൃത്യങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് വൈദികര്‍ ഏറെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.