ഉക്രൈൻ സ്വാതന്ത്ര്യദിനത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ കത്ത് പങ്കുവെച്ച് പ്രസിഡന്റ് സെലെൻസ്‌കി

ഉക്രൈൻ സ്വാതന്ത്ര്യദിനത്തിൽ ലെയോ പതിനാലാമൻ പാപ്പയുടെ കത്ത് പങ്കുവെച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയക്കാർക്കുവേണ്ടി പ്രാർഥിക്കുമെന്ന് ലെയോ പതിനാലാമൻ പാപ്പ ഉറപ്പുനൽകുകയും ആയുധങ്ങൾ നിശബ്ദമാവുകയും സംഭാഷണത്തിന് വഴിയൊരുങ്ങുകയും ചെയ്യട്ടെയെന്ന് പാപ്പ കത്തിലൂടെ അഭ്യർത്ഥിച്ചു.
“നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന അക്രമത്താൽ മുറിവേറ്റ ഹൃദയത്തോടെ, നിങ്ങളുടെ രാജ്യത്തിൻറെ സ്വാതന്ത്ര ദിനത്തിൽ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നു,” പാപ്പ കത്തിൽ എഴുതി. ഓഗസ്റ്റ് 24 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രസിഡൻറ് സെലെൻസ്‌കി ഈ കത്ത് പങ്കുവെച്ചു.
“യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്കുവേണ്ടി – പ്രത്യേകിച്ച് യുദ്ധത്തിൽ പരിക്കേറ്റ എല്ലാവർക്കും, പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിതരായവർക്കും, വീടുകൾ നഷ്ടപ്പെട്ടവർക്കും – എന്റെ പ്രാർഥന ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം തന്നെ അവരെ ആശ്വസിപ്പിക്കട്ടെ; പരിക്കേറ്റവരെ അവൻ ശക്തിപ്പെടുത്തുകയും മരിച്ചവർക്ക് നിത്യശാന്തി നൽകുകയും ചെയ്യട്ടെ.” പാപ്പ എഴുതി.
“സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന് ഉക്രൈനെ ഭരമേൽപ്പിക്കുകയാണ്. എല്ലാവരുടെയും നന്മയ്ക്കായി സമാധാനത്തിലേക്കുള്ള പാത തുറക്കപ്പെടട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.” പാപ്പ കൂട്ടിച്ചേർത്തു.