വത്തിക്കാനിൽ ഈശോയുടെ ജനനരംഗവും ക്രിസ്തുമസ് ട്രീയും പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

 
3333

ഈ വർഷത്തെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഈശോയുടെ ജനനരംഗവും ക്രിസ്തുമസ് ട്രീയും പ്രദർശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇറ്റലിയിലെ ദക്ഷിണ ടിറോളിലെ വാൽ ഡി ഉൽറ്റിമോ പ്രദേശത്തു നിന്നുള്ള, 25 മീറ്റർ ഉയരമുള്ള റെഡ് ഫിർ മരമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. അതേസമയം, സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈശോയുടെ തിരുപ്പിറവിരംഗവും ക്രിസ്തുമസ് ട്രീയും വത്തിക്കാൻ ഉദ്ഘാടനം ചെയ്യും.

​പരിസ്ഥിതി സൗഹാർദപരമായ ഒരുക്കങ്ങളാണ് ഇത്തവണത്തെ ക്രിസ്തുമസിന്റെ പ്രത്യേകത. ക്രിസ്തുമസിനു ശേഷം ഈ മരം എസ്സെൻഷ്യൽ ഓയിൽ നിർമ്മിക്കാനും ശേഷിക്കുന്ന ഭാഗം ഒരു ചാരിറ്റി സ്ഥാപനത്തിന് ദാനം ചെയ്യാനും ഉപയോഗിക്കും.

17 മീറ്റർ നീളവും 7.7 മീറ്റർ ഉയരവുമുള്ള പുൽക്കൂട് നോസെറ ഇൻഫെരിയർ – സാർനോ രൂപതയിൽ നിന്നുള്ളതാണ്. ആറാം നൂറ്റാണ്ടിലെ ബാപ്റ്റിസ്റ്ററിയും രണ്ടാം നൂറ്റാണ്ടിലെ റോമൻ ജലധാരയുമെല്ലാം പുൽക്കൂടിൽ പുനഃസൃഷ്ടിച്ചിട്ടുണ്ട്. വി. അൽഫോൺസ് ലിഗോരിയെയും മറ്റു പ്രാദേശിക വിശുദ്ധരെയും അനുസ്മരിപ്പിക്കുന്ന രൂപങ്ങളും ഇതിലുണ്ടാകും.

‘നസിമിയന്റോ ഗൗദിയം’ (സന്തോഷത്തിന്റെ ജനനം) എന്നു പേരിട്ടിരിക്കുന്ന ഈ തിരുപ്പിറവിരംഗം ഗർഭസ്ഥശിശുവിന്റെ ജീവന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. ഗർഭസ്ഥശിശുക്കളുടെ ജീവനെ സംരക്ഷിക്കുന്നതിന്റെ പ്രതീകമായി 28,000 വർണ്ണബാൻഡുകൾ ഉപയോഗിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.

​ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബർ 15 ന് വൈകുന്നേരം അഞ്ചുമണിക്ക് വത്തിക്കാനിൽ നടക്കും.

Tags

Share this story

From Around the Web