കാർ കത്തി ഗർഭിണി മരിച്ച സംഭവം: കാറിൽ പെട്രോളിന്റെ സാന്നിധ്യം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 
22333

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയായ സോന മരിച്ച സംഭവത്തിൽ ദുരൂഹതകൾ വർദ്ധിപ്പിച്ച് ഫൊറൻസിക് റിപ്പോർട്ട് പുറത്ത്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇതിന് പുറമെ കാറിനകത്തുനിന്നും പെട്രോൾ കാനിന്റേതെന്ന് സംശയിക്കുന്ന മൂടിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതോടെ സംഭവം ആസൂത്രിതമായ കൊലപാതക ശ്രമമാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

കാറിന്റെ പുറംഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതും വാഹനത്തിന്റെ ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നതും ആദ്യഘട്ടത്തിൽ തന്നെ പൊലീസിൽ സംശയം ജനിപ്പിച്ചിരുന്നു. വിദഗ്ദ്ധ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെയോ ഇന്ധന ടാങ്കിന്റെ തകരാറിന്റെയോ യാതൊരു സൂചനകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽ നിന്നാണ് പെട്ടെന്ന് തീ പടർന്നതെന്നാണ് നിലവിലെ നിഗമനം.

അപകടം നടന്ന പ്രദേശത്തിന് സമീപത്തുനിന്നും പൊലീസിന് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരു യുവതി കയ്യിൽ പെട്രോൾ കാനുമായി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ ദൃശ്യത്തിലുള്ളത് മരിച്ച സോന തന്നെയാണോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ ദുരൂഹ യുവതി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

മരിച്ച സോനയുടെ ഭർത്താവ് രജിത് ലാലിനെതിരെ (റീജിൻ ലാൽ) ഗുരുതര ആരോപണങ്ങളുമായി സോനയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് വിവരം. വരും ദിവസങ്ങളിൽ ഇരു കുടുംബാംഗങ്ങളുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിത് ലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

Tags

Share this story

From Around the Web